കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാകുന്നു. സമവായമാണെങ്കിലും തെരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സമിതി ഉടന്‍ വിളിക്കണമെന്ന നിലപാട് ജോസ് കെ.മാണി ആവർത്തിച്ചു. ഭരണഘടന അറിയാത്തവരാണ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതെന്നാണ് ജോസഫിന്റെ നിലപാട്. പരസ്യമായ ഏറ്റുമിട്ടല്‍ അവസാനിപ്പിക്കണമമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി.സി.സിയും രംഗത്തുവന്നു.
സംസ്ഥാന സമിതി വിളിക്കാതെ ചെയർമാൻ പദവി നിലനിർത്താൻ ശ്രമിക്കുന്ന പി. ജെ ജോസഫ് പക്ഷത്തെ രൂക്ഷമായി വിമർശിച്ചാണ് ജോസ് കെ.മാണി രംഗത്തെത്തിയത്. കെ.എം മാണി കെട്ടിപ്പെടുത്ത പാർട്ടിയെ തകർക്കാനുള്ള ചിലരുടെ നീക്കം അനുവദിച്ചു നൽകില്ല. ചില കേന്ദ്രങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ജോയ് എബ്രഹാമിന്റെ കത്തിനെ കുറിച്ചുള്ള ജോസ് കെ. മാണിയുടെ പ്രതികരണം. എന്നാല്‍ താൽകാലിക ചെയർമാനെ തെരഞ്ഞെടുത്തത് ഇലക്ഷൻ കമ്മീഷനെ കത്ത് മുഖേന അറിയിച്ചെങ്കിൽ അത് സ്വാഭാവിക നടപടിയാണെന്നാണ് പി.ജെ ജോസഫിന്റെ നിലപാട്. ജോസ് കെ. മാണി പക്ഷം നൽകിയ കേസുള്ളതിനാൽ ഓഗസ്റ്റ് മൂന്ന് വരെ സംസ്ഥാന സമിതി ചേരില്ലെന്നും ജോസഫ് ആവര്‍ത്തിച്ചു. ഇതിനിടെ പരസ്യ വിഴുപ്പലക്കലുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി.സിസി രംഗത്ത് വന്നു. തർക്ക പരിഹാരത്തിന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.