കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണ് കോട്ടയം മണ്ഡലത്തില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാക്ക് പോരും രൂക്ഷമായി. കേരള കോണ്‍ഗ്രസിന്റെ പേരില്‍ വോട്ട് ചോദിക്കാനുള്ള അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ സജീവം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ആരാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എന്ന തര്‍ക്കം. കോടതി വരെ കയറിയിറങ്ങിയ തര്‍ക്കം ഇപ്പോഴും സജീവമാണ്. കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ആരാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും സജീവമായിരിക്കുയാണ്.
ബി.ജെ.പിയുടേയും മോദിയുടേയും കാര്യങ്ങള്‍ പറയാതെ കേരള കോണ്‍ഗ്രസിന്റെ പേരില്‍ മാത്രം എന്‍.ഡി.എ സ്ഥനാര്‍ത്ഥിയായ പി.സി തോമസ് വോട്ട് ചോദിക്കുന്നത് ശരിയല്ലെന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ആരോപണം. കേരള കോണ്‍ഗ്രസിന്റെ പേരില്‍ വോട്ട് ചോദിക്കാന്‍ പാര്‍ട്ടി വിട്ട് പോയവര്‍ക്ക് അവകാശമില്ലെന്നും തോമസ് ചാഴിക്കാടന് പറയുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് എന്ന പേര് പോലും ലഭിച്ചിരിക്കുന്നത് തങ്ങള്‍ക്കാണെന്നും പി.ടി ചാക്കോയുടെ മകനാണ് താനെന്നുമുള്ള കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഈ ആരോപണത്തെ പി.സി തോമസ് എതിര്‍ക്കുന്നത്. ഇതിനിടെയില്‍ ബാലകൃഷ്ണപിള്ളയും ഫ്രാന്‍സിസ് ജോര്‍ജ്ജുമെല്ലാം തങ്ങള്‍ക്കൊപ്പമാണെന്ന കാര്യം ഓര്‍മ്മപ്പെടുത്തിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്റെ പ്രചരണം പുരോഗമിക്കുന്നത്.