കേരളാ കോണ്‍ഗ്രസില്‍ സമവായ സാധ്യത മങ്ങുന്നു. പി.ജെ ജോസഫിന്റെ സീനിയോറിറ്റി വാദം അംഗീകരിക്കില്ലെന്ന് ജോസ് കെ.മാണി വിഭാഗം വ്യക്തമാക്കി. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഒന്‍പതിന് മുന്‍പ് ചേരുമെന്ന് പി.ജെ ജോസഫ് അറിയിച്ചു.
കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് സൂചന നല്കി ഇരു വിഭാഗവും വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ചെയര്‍മാനാകണമെങ്കില്‍ സീനിയോറിറ്റി പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം മോന്‍സ് ജോസഫ് പറഞ്ഞിരുന്നു. ചെയര്‍മാനാകാന്‍ ജോസഫിനെക്കാൾ പ്രവർത്തന പാരമ്പര്യം ജോസ് കെ.മാണിക്കാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ബദൽ സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള ജോസ് കെ.മാണി വിഭാഗത്തിന്റെ നീക്കം പാർട്ടി വിരുദ്ധമെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി.ചെയര്‍മാനെ സമവായത്തിലൂടെ തെരഞ്ഞെടുക്കുമെന്നാണ് വിശ്വാസമെന്നും പി. ജെ ജോസഫ് കൂട്ടി ചേര്‍ത്തു. ജോസ് കെ. മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാര്‍ ഇന്ന് കോട്ടയത്ത് യോഗം ചേരുന്നുണ്ട്.