India Kerala

‘പൗരത്വ നിയമത്തില്‍ കേരളം പാസാക്കിയത് സുപ്രധാനമായ പ്രമേയം’ പിണറായി വിജയന്‍

നന്മയുടെ പക്ഷമുള്ള ഒരു കാര്യത്തിലും നാം പിന്നിലല്ല എന്ന് കാണിക്കുന്നതാണ് പൌരത്വ നിയമത്തിനെതിരായ കേരള നിയമസഭയുടെ പ്രമേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയും പുതിയ വെല്ലുവിളികള്‍ നാം ഒറ്റക്കെട്ടായി തന്നെ ഏറ്റെടുക്കുമെന്നതാണ് ഇപ്പോള്‍ എടുക്കേണ്ട പ്രതിജ്ഞയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം ചില പുതിയ കാര്യങ്ങള്‍ കൂടി ചെയ്യണം എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തെ തെരുവ് വിളക്കുകള്‍ മുഴുവന്‍ എല്‍.ഇ.ഡി ലൈറ്റുകളാക്കി മാറ്റാന്‍ തീരുമാനിച്ചു. അതോടൊപ്പം തന്നെ ഈ വര്‍ഷം ഡിസംബര്‍ ആകുമ്പോഴേക്കും സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും പുതുക്കിപണിയാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കൂടാതെ ഇപ്പോള്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പള്ളികളില്‍ സംസ്കാരത്തിന്
ഓർഡിനൻസ് കൊണ്ടു വരും. ഇത്തരം പള്ളികളിൽ സെമിത്തേരിക്ക്
പുറത്ത് സംസ്കാര ശുശ്രൂഷ നടത്താം. കുടുംബ കല്ലറകളിൽ അടക്കാൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോൾ രക്ഷാപ്രവർത്തനത്തിനായി സാമൂഹിക സന്നദ്ധ സേനക്ക് രൂപം നൽകും. ഇതിൽ 3,40000 അംഗങ്ങളുണ്ടാകും. ഇവര്‍ക്ക് സംസ്ഥാന പരിശീലനം നല്‍കും. റേഷൻകാർഡില്ലാത്തവർക്ക്
ഈ വർഷം തന്നെ നൽകും. പൊതുശുചിമുറികൾ കൂടുതലായി നിർമ്മിക്കും.

വിദ്യാർഥികൾക്ക് പാര്‍ട്ട്ടൈം ജോലി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നഗരങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഒരു രാത്രി താമസത്തിന് സൌകര്യമൊരുക്കും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് പ്രത്യക പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.