സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇനി സന്ദര്‍ശകരെ സ്വീകരിക്കുന്നത് യന്ത്രമനുഷ്യനാണ്. സന്ദര്‍ശകര്‍ക്ക് ആവശ്യങ്ങള്‍ക്കനുസരിച്ച് അവരെ ഓഫീസിന്റെ വിവിധയിടങ്ങളിലേക്ക് നയിക്കാനും ഈ യന്ത്രമനുഷ്യന് കഴിയും. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
മുഖ്യമന്ത്രി പൊലീസ് ആസ്ഥാനത്ത് എത്തിയതോടെ അതിഥിയെ സ്വീകരിക്കാനായ് പുതിയ ചുമതലക്കാരന് വാതില്‍ തുറന്നെത്തി. എത്തിയത് സംസ്ഥാന മുഖ്യമന്ത്രിയാണെന്ന് കണ്ടതോടെ റോബോട്ട് സല്യൂട്ട് ചെയ്താണ് സ്വീകരിച്ചത്. പൊലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ കൃത്യവും വിശദവുമായ വിവരങ്ങള്‍ യന്ത്രമനുഷ്യന് നല്‍കും. നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ച് വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.
സന്ദര്‍ശകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും ഉദ്യോഗസ്ഥരെ കാണുന്നതിന് സമയം നിശ്ചയിച്ച് നല്‍കാനും ഈ സംവിധാനത്തില്‍ സൗകര്യമുണ്ട്. സന്ദര്‍ശകര്‍ നല്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ഫയല്‍ ആരംഭിക്കാനാകും. ഉന്നത ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ് അഭിവാദ്യം ചെയ്യാനും വനിതാ എസ്.ഐയുടെ മാതൃകയിലുളള ഈ യന്ത്രമനുഷ്യനാകും.
സ്ഫോടക വസ്തുക്കള്‍ തിരിച്ചറിയുന്നതിനുളള സംവിധാനം ഭാവിയില്‍ ഉണ്ടാകും. കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ അസിമോവ് റോബോട്ടിക്സ് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് കേരള പോലീസ് സൈബര്‍ ഡോം ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. കെ.പി ബോട്ട് എന്നാണ് റോബോട്ടിന്റെ പേര്.