India Kerala

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ആലപ്പുഴ ജില്ലാസമ്മേളനത്തിൽ പങ്കെടുക്കാൻ പോയത് കൊണ്ടാണ് ഇന്നലെ ചേരേണ്ട മന്ത്രിസഭ യോഗം ഇന്നത്തേക്ക് മാറ്റിയത്. ബസ്, ടാക്സി, ഓട്ടോ നിരക്ക് വർധിപ്പിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ മന്ത്രിസഭാ യോഗത്തിൻറെ പരിഗണനയ്ക്ക് വരും. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത് കൊണ്ട് ഇന്ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. ഏറെക്കാലത്തിന് ശേഷം ഓൺലൈൻ ഒഴിവാക്കി നേരിട്ടായിരിക്കും മന്ത്രിസഭ യോഗം ചേരുന്നത്.

അതേസമയം, പൊലീസിൽ കുഴപ്പക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സംഘടനാ റിപ്പോർട്ടിനുള്ള മറുപടിയിലാണ് പൊതുചർച്ചയിൽ ആഭ്യന്തര വകുപ്പിനെതിരായി ഉയർന്ന വിമർശനം മുഖ്യമന്ത്രി അംഗീകരിച്ചത്. പൊലീസിൽ കുഴപ്പക്കാർ ഉണ്ട്. കുഴപ്പക്കാരെ ശ്രദ്ധിക്കും. അവർക്കെതിരെ നടപടി എടുക്കും. വിമർശനങ്ങൾ അംഗീകരിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മിലെ വിഭാഗീയതയ്‌ക്കെതിരെയും മുഖ്യമന്ത്രി പാർട്ടിയംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ആരെയും ചാരി നിൽക്കരുത്. വിഭാഗീയത അവസാനിപ്പിക്കണം. ഇല്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകും. ചില സഖാക്കളെ കുറിച്ച് പറഞ്ഞ വിമർശനം സംബന്ധിച്ച്, അത് ശരിയാണോ എന്ന് അവർ സ്വയം പരിശോധിക്കണം. വിഭാഗീയതയിൽ കടുത്ത നടപടി ഉണ്ടാകും. വിഭാഗീയതയ്ക്ക് ആരൊക്കെ ആണ് നേതൃത്വം നൽകുന്നത് എന്ന് കൃത്യമായി അറിയാം. അവർ തിരുത്തണം, അല്ലെങ്കിൽ തിരുത്തിക്കും. സിപിഐ സിപിഎമ്മിന്റെ ശത്രുവല്ല. സിപിഐ ശത്രുതയോടെ കാണരുത്. കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ നിയന്ത്രിക്കാൻ പോകണ്ട. വരുതിക്ക് നിർത്തണമെന്ന് മോഹം വേണ്ട. എൻസിപി എൽഡിഎഫിന്റെ ഘടകകക്ഷിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിച്ചു.