കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ എട്ട് മണിയോടെ തുടങ്ങും. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.
രാവിലെ എട്ട് മണിയോടെ വരണാധികാരിയുടെ സാന്നിധ്യത്തില്‍ സീല്‍ പൊട്ടിച്ച് സ്ട്രോംഗ് റൂമുകള്‍ തുറന്ന് യന്ത്രങ്ങളും വിവി പാറ്റും കൌണ്ടിങ് ടേബിളുകളിലേക്ക് മാറ്റും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ കൌണ്ടിങ് ടേബിളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും യന്ത്രങ്ങളും പുറത്തെടുക്കുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ ശേഷം ഇ.വി.എമ്മുകളിലേക്ക് കടക്കും. ഓരോ മണ്ഡലത്തിലെയും ബൂത്തെണ്ണം അനുസരിച്ച് റൌണ്ടുകളുടെ എണ്ണം വ്യത്യാസപ്പെടും. വട്ടിയൂര്‍ക്കാവ് 12 റൌണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. അരൂരില്‍ 14, കോന്നിയില്‍ 16, മഞ്ചേശ്വരത്ത് 17, എറണാകുളത്ത് 10 ഉം റൌണ്ടുകള്‍. എട്ടരയോടെ ആദ്യഫലസൂചനകൾ പുറത്തുവരും. എറണാകുളം ഒഴികെ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതിനാല്‍ അന്തിമ ഫലത്തിന് അവസാന റൌണ്ടുകള്‍ വരെ കാത്തിരിക്കേണ്ടി വരും. നറുക്കിട്ടെടുക്കുന്ന 5 ബൂത്തുകളിലെ വി വി പാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണിക്കഴിഞ്ഞിട്ടേ അന്തിമഫലം ഒദ്യോഗികമായി പുറത്തുവിടൂ. സ്ട്രോങ് റൂമുകള്‍ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്