Kerala

സംസ്ഥാനത്ത് ഇന്ധന വില കൂടും

സംസ്ഥാനത്ത് പെട്രോളിന് വില കൂടും. പെട്രോൾ, ഡിസൽ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്.

ഇതിന് പുറമെ സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസും ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വർധിപ്പിച്ചുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ സഭയിൽ പറഞ്ഞു.

500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതൽ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലുമാണ് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയത്.

പഴവർഗങ്ങളും മറ്റ് കാർഷി ഉത്പ്പന്നങ്ങളും ഉപയോഗിച്ച് എഥനോൾ ഉൾപ്പടെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. പൊലറ്റ് പ്രൊജക്ട് എന്ന നിലയിൽ തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ മരച്ചീനിയിൽ നിന്നും എഥനോളും മറ്റ് മൂല്യ വർധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ട് കോടി രൂപ മാറ്റിവച്ചു.