സംസ്ഥാന ബജറ്റ് നാളെ. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനും ചെലവുചുരുക്കാനും ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ക്കാകും ബജറ്റിലെ ഊന്നല്‍.
വമ്പിച്ച പദ്ധതി പ്രഖ്യാപനങ്ങള്‍ക്കുള്ള ആരോഗ്യം സംസ്ഥാന ഖജനാവിനില്ല. അതുകൊണ്ട് തന്നെ പുതിയ പദ്ധതികള്‍ക്ക് പകരം ഇതിനകം പ്രഖ്യാപിച്ചവ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ സാന്പത്തിക അച്ചടക്കത്തിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വരുമാനം ഉയര്‍ത്താന്‍ ഭൂമിയുടെ ന്യായവില, ഫീസുകൾ തുടങ്ങിയവ കൂട്ടും. സൗജന്യ ഓൺലൈൻ സേവനങ്ങൾക്കു ഫീസ് ചുമത്താനും ആലോചനയുണ്ട്. മൂല്യവർധിത നികുതി അടക്കമുള്ള നികുതി കുടിശ്ശിക സമാഹരിക്കാൻ പുതിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചേക്കും. ചെലവ്ചുരുക്കലിന്റെ ഭാഗമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരും. പുതിയ തസ്തിക ആവശ്യം ജീവനക്കാരെ പുനര്‍വിന്യസിച്ചുകൊണ്ട് പരിഹരിക്കണമെന്നാണ് ധനവകുപ്പിന്റെ നിലപാട്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായം കൂട്ടുന്നതോ വിരമിക്കൽ തീയതി ഏകീകരിക്കുന്നതോ പരിഗണിക്കുന്നില്ല. സാമൂഹ്യ, ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിലെ ഇരട്ടിപ്പും അനധികൃത പെൻഷൻ വാങ്ങലും ഒഴിവാക്കിയ സ്ഥിതിക്ക് പെൻഷൻ പദ്ധതിയുടെ പുനഃസംഘടനയും ബജറ്റിൽ പ്രതീക്ഷിക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍ നൂറ് രൂപ വര്‍ധിപ്പിച്ചേക്കും. പിണറായി സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണ് നാളെ അവതരിപ്പിക്കാനിരിക്കുന്നത്. തോമസ് ഐസകിന്റെ പതിനൊന്നാമത്തെയും.