India Kerala

എച്ച്ടുഒ, ആല്‍ഫ ഫ്ലാറ്റുകള്‍ മണ്ണോട് ചേര്‍ന്നു

മരടിലെ അനധികൃത ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ സുരക്ഷിതമായി പൊളിച്ചു. എച്ച് ടു ഒ , ആല്‍ഫെ സെറിനിലെ രണ്ടു ടവറുകള്‍ എന്നിവയാണ് പൊളിച്ചത്.

11.17 ഓടെ ആദ്യം എച്ച് ടു ടവര്‍ സ്ഫോടനത്തിലൂടെ തകര്‍ന്നു. തുടര്‍ന്ന് ഇതിന്റെ പൊടിപടലങ്ങള്‍ അടങ്ങിയതോടെ 11.42 ന് ആല്‍ഫെ സെറിനിലെ ഫ്ലാറ്റുകള്‍ പൊളിച്ചു. ആദ്യഘട്ടത്തില്‍ നേവിയുടെ ഹെലികോപ്ടര്‍ സമീപത്തൂടെ പറന്നത് കാരണം നേരത്തെ നിശ്ചയിച്ച സമയക്രമം പാലിക്കാന്‍ അധികൃതര്‍ക്കായില്ല. എന്നാല്‍ സുരക്ഷിതമായാണ് സ്ഫോടനങ്ങള്‍ നടന്നതെന്ന് എഡിഫൈസ് മേധാവി ഉത്കര്‍ഷ് മേത്ത പറഞ്ഞു. സുരക്ഷാ പരിശോധനക്ക് ശേഷമായിരിക്കും കുണ്ടന്നൂര്‍ പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് രണ്ട് ഫ്ലാറ്റുകളായ ജെയ്ൻ, ഗോൾഡൻ കായലോരം എന്നിവ ജനുവരി 12 നാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുക.

11 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് രണ്ടാമത്തെ സൈറണ്‍ വൈകി. 10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10-നാണ് മുഴങ്ങിയത്. അവസാനത്തെ സൈറണ്‍ 11.17 ന് മുഴങ്ങിയതിന്‌ പിന്നാലെയാണ് ആദ്യ ഫ്ലാറ്റ് സ്ഫോടനത്തില്‍ തകര്‍ന്നത്. മിനിറ്റുകള്‍ക്ക് ശേഷം രണ്ടാമത്തെ ഫ്ലാറ്റും പൊളിച്ചു. സ്ഫോടനത്തിന് പിന്നാലെ പ്രദേശമാകെ പൊടിപടലങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ നടത്തുന്ന നിയന്ത്രിത സ്ഫോടനങ്ങളിലൂടെയാണ് ഫ്ലാറ്റുകള്‍ പൊളിക്കുന്നത്. ഓരോ ഫ്ലാറ്റിലും സ്ഫോടനം നടത്തേണ്ട നിലകൾ തീരുമാനിച്ച് ഇടഭിത്തികൾ പൂർണമായും നീക്കം ചെയ്ത ശേഷം അവശേഷിക്കുന്ന എല്ലാ തൂണുകളിലും ദ്വാരങ്ങളുണ്ടാക്കിയാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരിക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടകവസ്തുക്കളടക്കിയ ഓരോ കാഡ്രിജ് വീതമാണ് ഓരോ ദ്വാരങ്ങളിലുമുള്ളത്. 125 ഗ്രാമാണ് ഓരോ കാഡ്രിജിലെയും സ്ഫോടക വസ്തുവിന്റെ അളവ്.

ഈ സ്ഫോടക വസ്തുക്കൾ ഡിറ്റണേറ്റിങ് ഫ്യൂസും നോൺ ഇലക്‌ട്രിക്കൽ ഡിറ്റണേറ്ററുമായി ഘടിപ്പിച്ച ശേഷം കളിമണ്ണ് ഉപയോഗിച്ചാണ് ഓരോ ദ്വാരവും അടച്ച് സുരക്ഷിതമാക്കിയിട്ടുള്ളത്. സ്ഫോടകവസ്തു ജ്വലിപ്പിക്കുകയാണ് ഡിറ്റണേറ്റിങ് ഫ്യൂസിന്റെയും നോൺ ഇലക്‌ട്രിക്കൽ ഡിറ്റണേറ്ററിന്റെയും കടമ. ഓരോ തൂണുകളിലെ ദ്വാരങ്ങളിൽനിന്നുള്ള നോണലുകൾ മുഖ്യ ട്രങ്ക് ലൈനിലേക്ക് ബന്ധിപ്പിച്ച ശേഷം ഇവ ഇലക്‌ട്രിക്‌ ഡിറ്റണേറ്ററിലേക്ക് ഘടിപ്പിക്കുക എന്നതാണ് ഫ്ലാറ്റിനുള്ളിലെ അവസാന നടപടി. പിന്നീടാണ് ഫ്ലാറ്റുകള്‍ പൊളിക്കുന്നത്.