India Kerala

തകര്‍ന്നടിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ആദ്യം പൊളിക്കുന്നത് എച്ച് ടു ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ്

മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച് നിരോധനാജ്ഞ നിലവില്‍ വന്നു. വൈകിട്ട് 5 മണി വരെയാണ് നിരോധനാജ്ഞ. രാവിലെ 11-ന് എച്ച് ടു ഒ ഹോളിഫെയ്ത്തിലാണ് ആദ്യ സ്ഫോടനം നടക്കുക. ഇതിന്റെ പൊടിപടലങ്ങള്‍ അടങ്ങിയ ശേഷമാണ് ആല്‍ഫാ സെറിനില്‍ സ്ഫോടനം നടക്കുക. ആദ്യ സൈറണ്‍ പത്തരക്ക് മുഴങ്ങും. മരട് നഗരസഭയിലാണ് സ്ഫോടനത്തിനായുള്ള കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത് മരടില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ നടത്തുന്ന നിയന്ത്രിത സ്ഫോടനങ്ങളിലൂടെയാണ് മരടിലെ ഫ്ലാറ്റുകൾ നിലം പതിക്കുക. രണ്ട് മുതൽ അഞ്ച് വരെ സെക്കന്റിനുള്ളിൽ ഫ്ലാറ്റുകൾ പൂർണമായും നിലംപതിക്കും.

ഓരോ ഫ്ലാറ്റിലും സ്ഫോടനം നടത്തേണ്ട നിലകൾ തീരുമാനിച്ച് ഇടഭിത്തികൾ പൂർണമായും നീക്കം ചെയ്ത ശേഷം അവശേഷിക്കുന്ന എല്ലാ തൂണുകളിലും ദ്വാരങ്ങളുണ്ടാക്കിയാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരിക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടകവസ്തുക്കളടക്കിയ ഓരോ കാഡ്രിജ് വീതമാണ് ഓരോ ദ്വാരങ്ങളിലുമുള്ളത്. 125 ഗ്രാമാണ് ഓരോ കാഡ്രിജിലെയും സ്ഫോടകവസ്തുവിന്റെ അളവ്.

ഈ സ്ഫോടക വസ്തുക്കൾ ഡിറ്റണേറ്റിങ് ഫ്യൂസും നോൺ ഇലക്‌ട്രിക്കൽ ഡിറ്റണേറ്ററുമായി ഘടിപ്പിച്ച ശേഷം കളിമണ്ണ് ഉപയോഗിച്ചാണ് ഓരോ ദ്വാരവും അടച്ച് സുരക്ഷിതമാക്കിയിട്ടുള്ളത്. സ്ഫോടകവസ്തു ജ്വലിപ്പിക്കുകയാണ് ഡിറ്റണേറ്റിങ് ഫ്യൂസിന്റെയും നോൺ ഇലക്‌ട്രിക്കൽ ഡിറ്റണേറ്ററിന്റെയും കടമ. ഓരോ തൂണുകളിലെ ദ്വാരങ്ങളിൽനിന്നുള്ള നോണലുകൾ മുഖ്യ ട്രങ്ക് ലൈനിലേക്ക് ബന്ധിപ്പിച്ച ശേഷം ഇവ ഇലക്‌ട്രിക്‌ ഡിറ്റണേറ്ററിലേക്ക് ഘടിപ്പിക്കുക എന്നതാണ് ഫ്ലാറ്റിനുള്ളിലെ അവസാന നടപടി