കേരള ബാങ്കിന്റെ തെരഞ്ഞെടുപ്പക്കപ്പെട്ട ആദ്യഭരണസമിതി ചുമതലയേറ്റു. സി പി എം സംസ്ഥാന സമിതി അംഗങ്ങളായ ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റും, എം.കെ കണ്ണൻ വൈസ് പ്രസിഡന്‍റുമായി തെരഞ്ഞെടുക്കപ്പെട്ടു. കേരള ബാങ്കില്‍ നിന്ന് മലപ്പുറം മാത്രം മാറി നില്‍ക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇന്നലെയായിരുന്നു കേരള ബാങ്കിന്റെ പ്രഥമ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്. യു ഡി എഫ് ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ ഭരണ സമിതിയിലെത്തിയ 14 പേരും ഇടതുമുന്നണി പ്രതിനിധികളാണ്. സി പി എമ്മിന്‍റെ 12 പേരും സി പി ഐ, കേരളാ കോൺഗ്രസ് എം പാർട്ടികളിൽ നിന്ന് ഓരോരുത്തരുമാണ് അംഗങ്ങള്‍.
പ്രാഥമിക സഹകരണ സംഘങ്ങളും അർബൻ ബാങ്കുകളുമാണ് കേരള ബാങ്കിലെ അംഗങ്ങൾ. മുസ്ലീം ലീഗ് നേതൃത്വം നൽകുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിച്ചിട്ടില്ല. കേരള ബാങ്കിന്റെ അനുകൂല്യങ്ങൾ ഒരു ജില്ലക്ക് മാത്രമായി നിഷേധിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നമ്പര്‍ വണ്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. 2019 നവംബർ 29 ന് നിലവിൽ വന്ന കേരളാ ബാങ്ക് ആദ്യ വർഷം ഒരു ലക്ഷത്തി അയ്യായിരം കോടിയുടെ ബിസിനസ് ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. 270 കോടിയുടെ പ്രവർത്തന ലാഭവും നേടി.