Kerala

കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തെ എതിര്‍ത്ത് സഹകരണ വകുപ്പ്

കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തെ എതിര്‍ത്ത് സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രംഗത്ത്. നീക്കം നടപടി ക്രമങ്ങള്‍ പാലിക്കാതെയെന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കേരളാ ബാങ്ക് സിഇഒയ്ക്ക് സെക്രട്ടറി കത്ത് നല്‍കി. കത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരായ കുറച്ചുപേരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടന്നിരുന്നു. ഇതിന്റെ ഭാഗമായി കേരളാ ബാങ്ക് സിഇഒ സഹകരണ വകുപ്പിന് ശുപാര്‍ശ കത്ത് നല്‍കിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എസ്. രാജേഷാണ് കേരളാ ബാങ്ക് സിഇഒയ്ക്ക് കത്ത് അയച്ചിരിക്കുന്നത്. ശുപാര്‍ശ പുനഃപരിശോധിക്കണമെന്നും കത്തില്‍ പറയുന്നു