India Kerala

കേരള ബാങ്ക് രൂപീകരണം: സര്‍ക്കാര്‍ പ്രതീക്ഷ പ്രവാസികളില്‍

കേരള ബാങ്ക് രൂപവത്കരണത്തിന് റിസർവ് ബാങ്കിന്‍റെ അനുമതി ലഭിച്ചതോടെ സർക്കാർ പ്രതീക്ഷ പ്രവാസികളിൽ. പ്രതിവർഷം വിവിധ പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രവാസികളിൽ നിന്നു വന്നുചേരുന്നത് വൻതുകയാണ്. കേരളത്തിന്‍റെയും പ്രവാസികളുടെയും ക്ഷേമത്തിന് ബാങ്ക് ഏറെ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. ഗൾഫിലെ പ്രതികൂല തൊഴിൽ സാഹചര്യത്തിലും നാട്ടിലേക്കുള്ള റെമിറ്റൻസിൽ കാര്യമായ ഇടിവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ പ്രധാന പൊതുമേഖല ബാങ്കുകളിലായി പ്രവാസികളുടെ ലക്ഷം കോടി രൂപയാണുള്ളത്.

എന്നാൽ ബാങ്കുകളിൽ വന്നുചേർന്ന ഈ തുകയുടെ മെച്ചം വേണ്ട അളവിൽ കേരളത്തിനോ പ്രവാസികൾക്കോ ലഭിക്കുന്നില്ലെന്ന ആക്ഷേപം നേരത്തെയുണ്ട്. കഴിഞ്ഞ ദിവസം പ്രവാസി ചിട്ടിയുടെ പ്രചാരണ ഭാഗമായി ദുബൈയിലെത്തിയ ധനമന്ത്രി ഡോ. തോമസ് ഐസക്കും ഇതു ശരിവെക്കുകയായിരുന്നു.

കേരള ബാങ്ക് രൂപവത്കരണം അന്തിമ ഘട്ടത്തിലാണെന്ന മുഖ്യമന്ത്രി പിണറായി വിജയെന്‍റെ ദുബൈ പ്രഖ്യാപനവും മികച്ച പ്രതികരണമായിരുന്നു പ്രവാസികളിൽ സൃഷ്ടിച്ചത്. മടങ്ങി വരുന്ന പ്രവാസികൾക്ക് വായ്പ നൽകുന്നതിലും മറ്റും പൊതുമേഖലാ ബാങ്കുകൾ നിഷേധാത്മക നിലപാട് തുടരുന്നതും കേരള ബാങ്കിന് ഗുണം ചെയ്യും. എന്നാൽ കേരള ബാങ്കിന്‍റെ നടത്തിപ്പ് ഉൾപ്പെടെയുള്ളവ എങ്ങനെ ആയിരിക്കുമെന്ന് താൽപര്യപൂർവം ഉറ്റുനോക്കുകയാണ് പ്രവാസികൾ.