കിഫ്ബി വഴിയുള്ള കടമെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച. കിഫ്ബിയിൽ പ്രതിപക്ഷം പറഞ്ഞ അതേ കാര്യമാണ് സിഎജിയും പറയുന്നതെന്ന് വി ഡി സതീശന്‍. ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിയെ വിമർശിച്ചിട്ടില്ല. കിഫ്ബി വഴിയുള്ള കടമെടുപ്പിനെയാണ് വിമർശിച്ചത്. ആർട്ടിക്കിൾ 293 കിഫ്ബി ലംഘിച്ചുവെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. കടമെടുക്കുന്നതിൽ ഭരണഘടനാ ലംഘനമുണ്ടായി. കാര്യങ്ങൾ വിശദീകരിക്കാൻ കിഫ്ബിക്ക് സിഎജി സമയം നൽകിയിരുന്നു. തോമസ് ഐസക് ഗവർണറേയും നിയമസഭയേയും തെറ്റിദ്ധരിപ്പിച്ചെന്നും വി ഡി സതീശന്‍ കുറ്റപ്പടുത്തി.
തെറ്റ് മറച്ച് വെക്കാൻ സിഎജി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുകയാണ്. ആർബിഐയുടെ എൻഒസിയെ മന്ത്രി തെറ്റായി വ്യാഖ്യാനിച്ചു. സിഎജി റിപ്പോർട്ട് ചോർത്തിയത് ധനമന്ത്രിയുടെ കൗശലമാണ്. നിയമസഭയില് സിഎജി റിപ്പോർട്ട് വരുന്നതിന് മുമ്പ് റിപ്പോർട്ട് ചോർത്തി വിവാദത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ധനമന്ത്രി ശ്രമിച്ചതെന്നും സതീശന്‍ ആരോപിച്ചു.
തെറ്റായ കാര്യങ്ങൾ പറഞ്ഞ് വി ഡി സതീശൻ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജെയിംസ് മാത്യു മറുപടി നല്‍കി. കിഫ്ബിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നു. ഭരണഘടനാ വിരുദ്ധ പ്രവൃത്തി സർക്കാർ ചെയ്തെങ്കിൽ ഈ സർക്കാർ ഇന്ന് ബാക്കിയുണ്ടാവില്ലായിരുന്നു. ആർഎസ്എസ് വക്താവ് രഞ്ജിത് കാർത്തികേയൻ മാത്യു കുഴൽനാടനെയും കൂട്ട് പിടിച്ചാണ് ഹരജി നൽകിയത്. ഭരണഘടനാ വിരുദ്ധമായ ഒരു നടപടിയും കിഫ്ബി നടത്തിയിട്ടില്ലെന്നും അടിയന്തര പ്രമേയത്തെ എതിർത്തുകൊണ്ട് ജെയിംസ് മാത്യു പറഞ്ഞു.
കിഫ്ബിയെ വിമർശിച്ചവരാണ് യുഡിഎഫ് അംഗങ്ങളെന്ന് എം സ്വരാജ്. അവരുടെ മണ്ഡലത്തില്‍ കിഫ്ബി പദ്ധതികള്‍ തല ഉയർത്തി നില്‍ക്കുന്നു. ഈ സർക്കാർ ജനങ്ങളുടെ ഹൃദയത്തിലാണ്. സംഘപരിവാറിനും സംസ്ഥാനത്തെ പ്രതിപക്ഷത്തിനും അത് സഹിക്കുന്നില്ല. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്. കോണ്‍ഗ്രസുകാരെ ഏജന്‍സികള്‍ വേട്ടയാടിയില്ലേ. സിഎജി റിപ്പോർട്ട് വെള്ളം ചേർക്കാതെ വിഴുങ്ങാനാകില്ല. സിഎജി എഴുതിയ റിപ്പോർട്ട് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് അവകാശമുണ്ട്. നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കേണ്ടത് കോടതികളാണ്, സിഎജിയല്ല. സംഘ്പരിവാറിനൊപ്പം ചേർന്ന് കോണ്‍ഗ്രസ് സംസ്ഥാന സർക്കാറിനെ ബുദ്ധിമുട്ടിക്കുന്നു. രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണട പ്രതിപക്ഷം മാറ്റണം. നിയമാനുസൃതമായി മസാല ബോണ്ട് പുറപ്പെടുവിക്കാനുള്ള അധികാരം കിഫ്ബിക്കുണ്ട്. ഇത് സിഎജിക്ക് മനസ്സിലായിട്ടില്ലെങ്കില്‍ ഈ നാട് പഠിപ്പിക്കുമെന്നും സ്വരാജ് പറഞ്ഞു.
അതേസമയം സിഎജിക്കെതിരെ തോമസ് ഐസക് ഇന്നും രൂക്ഷവിമര്‍ശനം നടത്തി. സംസ്ഥാനത്തിന്‍റെ വികസനം തടസ്സപ്പെടുത്താനാണ് നീക്കമെന്ന് മന്ത്രി ആരോപിച്ചു.
ഈ സർക്കാരിന്‍റെ കാലത്ത് ആറാമത്തെ അടിയന്തര പ്രമേയമാണ് ചർച്ച ചെയ്യുന്നത്. നിപ, പ്രളയ ദുരിതാശ്വാസം, മസാല ബോണ്ട്, കാർഷിക മേഖലയിലെ പ്രതിസന്ധി, കോവിഡ്, സിഎജി റിപ്പോര്‍ട്ട് എന്നീ വിഷയങ്ങളിലാണ് ഇതിന് മുന്‍പ് അടിയന്തര പ്രമേയം ചര്‍ച്ചക്കെടുത്തത്.