Kerala

‘സ്വര്‍ണക്കടത്തിന്‍റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസ്’: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയെറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. എന്ത് അറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചതെന്നും വി ഡി സതീശന്‍

സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം വി ഡി സതീശന്‍ എംഎല്‍എ സഭയില്‍ അവതരിപ്പിച്ചു. സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയെറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. എന്ത് അറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചതെന്നും വി ഡി സതീശന്‍ ചോദിച്ചു.

കള്ളക്കടത്തുകാര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മറയാക്കി. പിന്‍വാതിലിലൂടെ സെപ്യ്സ് പാര്‍ക്കില്‍ ജോലിക്ക് കയറി. ഐടി വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ നിയമനം അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കണോ എന്നും വി ഡി സതീശന്‍ ചോദിച്ചു.

ലൈഫ് പദ്ധതിയില്‍ എന്താണ് നടക്കുന്നത്? റെഡ്ക്രസന്‍റും ലൈഫ് മിഷനും തമ്മില്‍ ധാരണയുണ്ടാക്കുന്നു. പിന്നെ ഒരു കരാറും ഉണ്ടാക്കിയില്ല. ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി മാറ്റി. 46 ശതമാനമാണ് ലൈഫ് പദ്ധതിയില്‍ കൈക്കൂലി വാങ്ങിയതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

എല്ലാ നിയമങ്ങളേയും വാട്സ്ആപ്പ് വഴി അട്ടിമറിച്ച വിപ്ലവകാരിയാണ് ജലീല്‍. ആക്ഷേപം ഉന്നയിച്ചപ്പോള്‍ പറയുന്നത് ഖുര്‍ആന്‍ കൊണ്ടുപോയതാണെന്ന്. തട്ടിപ്പിന് അല്ല ഖുര്‍ആനെ മറയാക്കേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ജോസ്.കെ മാണി വിഭാഗം അറിയിച്ചു. അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചിട്ടുണ്ട്. സ്പീക്കര്‍ക്കെതിരായ പ്രമേയവും അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

അവതാരങ്ങളുടെ മധ്യത്തിലാണ് മുഖ്യമന്ത്രി: തിരുവഞ്ചൂര്‍

അവതാരങ്ങളുടെ കാലഘട്ടമാണ് കേരളത്തിലെന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്വപ്ന ഒരു അവതാരമാണ്. അവതാരങ്ങളുടെ മധ്യത്തിലാണ് മുഖ്യമന്ത്രി നില്‍ക്കുന്നത്. 108 ദിവസമായി മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരുന്ന് ഒരക്ഷരം മിണ്ടാത്തവരാണ് മന്ത്രിമാരെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

കണ്‍സള്‍ട്ടന്‍സി സമ്പ്രദായം നിര്‍ത്തണം. ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന പ്രസ് സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയാണ്. അങ്ങ് ഇവര്‍ക്കെതിരെ ഒന്നും പറയാത്തത് എന്താണെന്ന് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു.

പിഎസ്‍സി പിരിച്ചുവിടുന്നതാണ് നല്ലത്. ജലീല്‍ മാര്‍ക്ക്ദാനം നടത്തി. ഏതെങ്കിലും മന്ത്രിമാര്‍ ഇങ്ങനെ ചെയ്തിട്ടുണ്ടോ? ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്ന സര്‍ക്കാറാണ് കേരളത്തില്‍. വിമര്‍ശനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു.

അവിശ്വാസ പ്രമേയം വന്നാല്‍ സര്‍ക്കാര്‍ താഴെപോകുമെന്ന് തങ്ങളും ജനങ്ങളും വിചാരിക്കുന്നില്ല. ജനങ്ങളുടെ മേല്‍ കുതിര കയറരുത്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണം. സെക്രട്ടേറിയറ്റിലെ വിവരങ്ങള്‍ സ്വര്‍ണക്കടകത്ത് അന്വേഷിക്കുന്ന എന്‍ഐഎക്ക് നല്‍കുന്നതില്‍ എന്താണ് താമസമെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

ഈ അവിശ്വാസപ്രമേയം മല എലിയെ പിടിക്കുന്ന പോലെയെന്ന് എല്‍ഡിഎഫ്

സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയം മല എലിയെ പിടിക്കുന്ന പോലെയെന്ന് എസ് ശര്‍മ എംഎല്‍എ. പ്രതിപക്ഷത്ത് മുന്നണി സംവിധാനം അലങ്കോലമായി. പ്രതിപക്ഷത്ത് നിന്നുള്ള എംഎല്‍എമാരടെ എണ്ണം കുറഞ്ഞില്ലേ? കുത്തക മണ്ഡലമായ പാല, വട്ടിയൂര്‍ക്കാവ്, കോന്നി എന്നിവ നഷ്ടപ്പെട്ടു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനാകുമെന്നും എസ് ശര്‍മ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള ബിജെപി പ്രസിഡന്‍റിന്‍റെ വാക്കുകള്‍ യുഡിഎഫ് നേതൃത്വം ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ല എന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ ബിജെപി ഗവണ്മെന്‍റ് സ്ഥലം മാറ്റി. മാധ്യമങ്ങള്‍ സന്ദീപിനെ സിപിഎമ്മുകാരനാക്കി. എന്‍ഐഎക്ക് സിസിടിവി ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞുവെന്ന് പ്രചാരണമുണ്ടായി. പൊലീസ് സഹായത്തോടെയാണ് സ്വപ്ന കേരളം വിട്ടതെന്ന് പ്രചാരണമുണ്ടായി. ഇതൊക്കെ പിന്നീട് പൊളിഞ്ഞുവെന്നും ശര്‍മ പറഞ്ഞു.

പിണറായി സര്‍ക്കാറിനെ പുറത്താക്കാനുള്ള ഗൂഢാലോചന നടക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടതിനാണോ അവിശ്വാസ പ്രമേയം? സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ഒരു ഏജന്‍സിയും പറഞ്ഞിട്ടില്ല. ഏതെങ്കിലും തരത്തില്‍ രാജ്യദ്രോഹക്കുറ്റം മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തിട്ടുണ്ടെങ്കില്‍. നിങ്ങള്‍ തെളിവ് കൊടുക്കണം. തെളിവ് കൊടുക്കാന്‍ നിങ്ങള്‍ക്ക് മുട്ടുവിറക്കും. കോണ്‍ഗ്രസിന് ഒരു പ്രസിഡന്‍റിനെ പോലും തെരഞ്ഞെടുക്കാന്‍ പറ്റുന്നില്ല. കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനം ജനാധിപത്യത്തേയും സെക്യുലറിസത്തേയും അപകടപ്പെടുത്തുന്നു. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ബാബരി പള്ളി തകര്‍ന്നുവെന്നും ശര്‍മ പറഞ്ഞു.

‘കാപട്യമേ നിന്‍റെ പേരോ ചെന്നിത്തല?’

ചാനലിലെ അവതാരകര്‍ പറഞ്ഞതാണ് പ്രതിപക്ഷം നിയമസഭയില്‍ വന്ന് അവതരിപ്പിച്ചതെന്ന് അവിശ്വാസ പ്രമേയത്തെ കുറിച്ച് എ പ്രദീപ് കുമാര്‍ എംഎല്‍എ. അവിടെ കോട്ട് ഇട്ട് പറയുന്നു. ഇവിടെ ഖദര്‍ ഇട്ട് പറയുന്നുവെന്ന വ്യത്യാസമേയുള്ളൂവെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ ബിഡില്‍ പങ്കെടുക്കാതെ മറ്റു വഴി തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആ വഴി എന്താണെന്ന് പറയണം. അദാനിയെ വീട്ടില്‍ വിളിച്ചിരുത്തി ചര്‍ച്ച ചെയ്യുന്നതാണോ ആ രീതി? കാപട്യമേ, നിന്‍റെ പേരോ ചെന്നിത്തല എന്ന് ഷേക്സ്പിയറുണ്ടായിരുന്നെങ്കില്‍ പറഞ്ഞേനെ. ശശി തരൂരിന് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ ബിജെപി അനുകൂല നിലപാടല്ലേയെന്നും പ്രദീപ് കുമാര്‍ ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം തീവ്രവാദത്തെപ്പറ്റി പറയാത്തത് അവരുമായി ബാന്ധവമുള്ളതുകൊണ്ടാണ്. തീവ്രവാദ ബന്ധമുള്ളവരുമായി നിങ്ങള്‍ രാഷ്ട്രീയ ബാന്ധവമുണ്ടാക്കുന്നു. ഡാറ്റ അടിച്ചു പോയവരുടെയും ഫിലമന്റ് അടിച്ചുപോയവരുടേയും കൂട്ടായ്മയാണ് പ്രതിപക്ഷമെന്നും പ്രദീപ് കുമാര്‍ പരിഹസിച്ചു.

പിഎസ്‍സിയില്‍ നിന്ന് കൂടുതല്‍ നിയമനം നടത്തിയത് ഈ സര്‍ക്കാര്‍ ആണ്. 11,000 അധ്യാപകരെ നിയമിച്ചു. 12108 പൊലീസുകാര്‍ക്ക് നിയമനം കൊടുത്തു. പിണറായി സര്‍ക്കാറിന്‍റെ വലിയ നേട്ടം വികസനമാണെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയാണ് പ്രതിയെന്ന് കെ എം ഷാജി

ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് നമുക്കുള്ളതെന്ന് കെ എം ഷാജി. മുഖ്യമന്ത്രി നാടിന് ശാപമാണ്. ഒരു മന്ത്രി ആത്മീയ കള്ളക്കടത്ത് നല്‍കുന്നു. ഖുര്‍ആന്‍ തിരിച്ചുകൊടുത്താലും സ്വര്‍ണം തിരിച്ചുകൊടുക്കില്ല എന്നാണ് മന്ത്രി പറയുന്നതെന്നും കെ എം ഷാജി ആരോപിച്ചു.

മുഖ്യമന്ത്രി ഇല്ലാതെ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ടാകുക? കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിയാണ്. ജനങ്ങളുടെ കോടതിയില്‍ നിങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. ഏത് അന്വേഷണവും നേരിടുമെന്ന് ഇടക്കിടക്ക് പറയണമെന്നില്ല. മന്ത്രി സുധാകരന്‍ ഇതുവരെ അഴിമതിയുടെ ദുര്‍ഗന്ധം മണത്തു. ഇപ്പോള്‍ അത് സുഗന്ധമായി. മുഖ്യമന്ത്രി സീനിയര്‍ മാന്‍ഡ്രേക്കാണെന്നും അതാണ് കേരളം അനുഭവിക്കുന്നതെന്നും കെ എം ഷാജി പറഞ്ഞു.