Kerala

നിയമസഭ സമ്മേളനം തുടങ്ങി; അവിശ്വാസ പ്രമേയത്തിന് അനുമതി

10 മണിക്ക് അവിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച നടക്കും. വി.ഡി സതീശന്‍ പ്രേമയം അവതരിപ്പിക്കും. അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചിട്ടുണ്ട്

നിയമസഭാ സമ്മേളനം തുടങ്ങി. അവിശ്വാസ പ്രമേയത്തിന് അനുമതി ലഭിച്ചു. 10 മണിക്ക് അവിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച നടക്കും. വി.ഡി സതീശന്‍ പ്രേമയം അവതരിപ്പിക്കും. അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചിട്ടുണ്ട്. സ്പീക്കര്‍ക്കെതിരായ പ്രമേയം അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ധനകാര്യബില്‍ പാസ്സാക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രം ചേരുന്ന സഭ സമ്മേളനം സർക്കാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കലുഷിതമാകാനാണ് സാധ്യത. പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയവും സ്വര്‍ണ്ണക്കടത്ത്, ലൈഫ് പദ്ധതി വിവാദങ്ങളും ചര്‍ച്ചക്ക് വരും.

സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ പദ്ധതി, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം, സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിന്‍റെ കയ്യില്‍ ആയുധങ്ങള്‍ നിരവധിയാണ്. സര്‍വ്വ സന്നാഹവുമെടുത്ത് പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് എംഎല്‍എമാരും മറുവശത്ത്. ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനം സമാനതകളില്ലാത്ത രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് വേദിയാകുമെന്നുറപ്പ്.

ധനകാര്യബില്‍ പാസ്സാക്കിയതിന് ശേഷം 10 മണിയോടെ സഭ അവിശ്വാസ പ്രമേയത്തിലേക്ക് കടക്കും. വി ഡി സതീശനാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. അഞ്ച് മണിക്കൂര്‍ അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ച നടക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യവും ചർച്ചയിൽ പ്രതിപക്ഷം ഉന്നയിക്കും.‌ സോളാര്‍ മുതല്‍ സ്വര്‍ണ്ണക്കടത്തിലെ പ്രതിപക്ഷ ബന്ധം വരെ ആരോപിച്ച് തിരിച്ചടിക്കാനാണ് സര്‍ക്കാര്‍ നീക്കം.‌

തയ്യാറെടുപ്പുകളോടെ വരാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെക്കൂടാതെ വിവാദത്തിൽ പെട്ട കെ ടി ജലീൽ, എ സി മൊയ്തീൻ എന്നീ മന്ത്രിമാർക്കും സഭയിൽ മറുപടി നൽകേണ്ടി വരും. അവിശ്വാസം പരാജയപ്പെടുമെങ്കിലും ജനങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിനെ തുറന്ന് കാണിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മറുപടിയോടെ വിവാദങ്ങള്‍ക്ക് അവസാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാരും.

കോവിഡ് പ്രോട്ടാകോള്‍ പൂര്‍ണ്ണമായും പാലിച്ചാണ് സഭാ സമ്മേളനം നടക്കുന്നത്. കോവിഡ് പരിശോധന നടത്തിയ ശേഷമേ എംഎല്‍എമാരെ സഭക്കുള്ളില്‍ പ്രവേശിപ്പിക്കൂ. രണ്ട് പേര്‍ ഇരുക്കുന്ന സീറ്റുകള്‍ മാറ്റി ഒരു സീറ്റ് മാത്രമാക്കി മാറ്റി സാമൂഹ്യഅകലം പാലിക്കാനും തീരുമാനിച്ചിട്ടുണ്ട്.