എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍, സംസ്ഥാന നിയമസഭ സമ്പൂർണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. സഭ സമ്മേളനം ആഗസ്റ്റ് 18 വരെ നീളും. 2021-22 വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകളില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മപരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനം.
ആകെ 20 ദിവസമാണ് സഭ സമ്മേളിക്കുന്നത്. ഇതില്‍ നാലു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. അന്നു സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സഭ പരിഗണിക്കും. നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാരിനു ലഭിച്ച തിരിച്ചടിയും പ്രതിപക്ഷ ആവനാഴിയിലെ ആയുധമാണ്.
മുട്ടില്‍ മരംമുറി, കൊവിഡ് മരണക്കണക്കിലെ ക്രമക്കേട്, ട്രാന്‍സ് ജെന്‍ഡര്‍ അനന്യ ആത്മഹത്യ ചെയ്ത സംഭവം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാന്‍ കോപ്പുകൂട്ടുന്നുണ്ട്.