India Kerala

എസ്.എഫ്.ഐ നേതാക്കളുടെ പരീക്ഷ തട്ടിപ്പ്; കെ.എ.പി ബറ്റാലിയന്‍ നിയമനങ്ങള്‍ സ്തംഭിക്കും

എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷ തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതോടെ കെ.എ.പി ബറ്റാലിയന്‍ നിയമനങ്ങള്‍ അനിശ്ചിതത്വത്തിലായി. അന്വേഷണം എത്രയും വേഗം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പൊലീസിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. അയോഗ്യരാക്കപ്പെട്ടവരോ ഉദ്യോഗാര്‍ഥികളോ കോടതിയെ സമീപിച്ചാല്‍ ദീര്‍ഘമായ നിയമനടപടികളിലേക്കും അത് വഴി തുറക്കും.

എസ്.എഫ്.ഐ നേതാക്കള്‍ പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞതോടെ ആ റാങ്ക് ലിസ്റ്റുള്‍പ്പെടെ 7 റാങ്ക് ലിസ്റ്റുകളിലെ നിയമനങ്ങളാണ് മരവിപ്പിച്ചത്. ഓരോ റാങ്ക് ലിസ്റ്റിലെയും ആദ്യ നൂറു റാങ്കുകാരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പി.എസ്.സി പൊലീസിന്റെ സഹായം തേടുകയും ചെയ്തു. ആകെ 700 പേരുടെ കോള്‍ ലിസ്റ്റുകള്‍ പരിശോധിക്കണം. ഇതിന് പുറമെ, ഇനി പ്രസിദ്ധീകരിക്കാനുള്ള വനിത ബറ്റാലിയനിലെ റാങ്കുലിസ്റ്റും പരിശോധിക്കേണ്ടി വരും. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ നിയമനങ്ങള്‍ നടക്കില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ട് 9 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്ത കേസ് പി.എസ്.സിയിലുണ്ട്. കൂടുതല്‍ പേര്‍ ക്രമക്കേട് നടത്തിയെന്ന് തെളിഞ്ഞാല്‍ മുഴുവന്‍ റാങ്ക് ലിസ്റ്റുകളും റദ്ദാക്കി പുതിയ പരീക്ഷ നടത്തേണ്ടി വരും. രണ്ടായാലും പൊലീസ് നിയമനങ്ങള്‍ അനിശ്ചിതത്വത്തിലാകാനാണ് സാധ്യത.

ഇപ്പോള്‍ തന്നെ നിരവധി ഒഴിവുകള്‍ നിലവിലുള്ള സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയില്‍ ആഗസ്റ്റ് 12 മുതല്‍ പി.എസ്.സി അഡ്വൈസ് അയക്കാനിരുന്നതാണ്. പി.എസ്.സിയുടെ നടപടിക്കെതിരെ മറ്റ് ഉദ്യോഗാര്‍ഥികള്‍ കോടതിയില്‍ പോകുന്നത് നിയമക്കുരുക്ക് തീര്‍ക്കും. റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ശിവരഞ്ജിത്, നസീം, പ്രണവ് എന്നീ പ്രതികളും കോടതിയില്‍ പോകാനിടയുണ്ട്. അതുകൊണ്ട് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മൂവര്‍ക്കും പി. എസ്.സി ഉടന്‍ ഷോക്കോസ് നോട്ടീസ് അയക്കും. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുന്നതിന് 15 ദിവസത്തിനുള്ളില്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.