സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. വാക്‌സിനേഷനായി ഇതുവരെ 3,68,866 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശനിയാഴ്ചയാണ് വാക്സിൻ കുത്തിവെപ്പ്.
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകള്‍ തിരുവനന്തപുരം എറണാകുളം കോഴിക്കോട് റീജീയണൽ വാക്സിൻ സെന്‍ററുകളിലാണ് എത്തിച്ചത് . എറണാകുളം കോഴിക്കോട് റീജീയണിൽ നിന്നുള്ള വാക്സിൻ വിതരണം സമീപ ജില്ലകളിലേയ്ക്ക് ഇന്നലെ തന്നെ ആരംഭിച്ചു. തിരുവനന്തപുരം റീജീയണിൽ നിന്ന് കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലേയ്ക്കുള്ള വാക്സിൻ വിതരണം ഇന്ന് ആരംഭിക്കും.
ജില്ല കോവിഡ് വാക്സിൻ സെന്‍ററുകളിൽ നിന്നാണ് ബന്ധപ്പെട്ട വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യാനുസരണം വാക്‌സിന്‍ എത്തിക്കുന്നത്.ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നത്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.കോവിഡ്- 19 പ്രതിരോധ കുത്തിവപ്പുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനായി ആരോഗ്യ വകുപ്പ് ഇന്ന് വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം’ എന്ന വിഷയത്തിൽ തിരുവനന്തപുരം വോർഖി ഭവനിൽ ശില്‍പശാല സംഘടിപ്പിക്കും.