India Kerala

കേരള ഭരണ സര്‍വീസി (കെ.എ.എസ്) ലേക്കുള്ള ആദ്യ വിജ്ഞാപനം പ്രഖ്യാപിച്ചു

കേരള ഭരണ സര്‍വീസി (കെ.എ.എസ്.) ലേക്കുള്ള പി.എസ്.സി.യുടെ ആദ്യ വിജ്ഞാപനം പ്രഖ്യാപിച്ചു. ആദ്യ ബാച്ച് റാങ്ക്പട്ടിക 2020 നവംബര്‍ ഒന്നിനു തയ്യാറാകുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചത്.

ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഒരു മാസത്തോളം സമയം നല്‍കും. പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയിലായിരിക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും. പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പി.എസ്.സി. ആസ്ഥാനത്ത് ചെയര്‍മാന്‍ എം.കെ. സക്കീര്‍ നടത്തി. അതിനുശേഷം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പി.എസ്.സി.യുടെ കേരളപ്പിറവി സമ്മാനമാണിതെന്ന് ചെയര്‍മാന്‍ എം.കെ. സക്കീര്‍ പറഞ്ഞു.

ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നേരിട്ടുള്ള നിയമനത്തിന് 32 വയസ്സും പൊതുവിഭാഗത്തില്‍നിന്നുള്ള ആദ്യ തസ്തികമാറ്റത്തിന് 40 വയസ്സും ഒന്നാം ഗസറ്റഡ് ഓഫീസര്‍മാരില്‍നിന്നുള്ള രണ്ടാം തസ്തികമാറ്റത്തിന് 50 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. ഐ.എ.എസിനു സമാനമായി ഒരുമിച്ച് നിയമന ശുപാര്‍ശ അയച്ച് പരിശീലനം നല്‍കുന്നതാണ് രീതി. 18 മാസത്തെ പരിശീലനമാണുള്ളത്.

200 മാര്‍ക്കിനാണ് പ്രാഥമിക പരീക്ഷ. രണ്ട് ഭാഗമുണ്ട്. ഒ.എം.ആര്‍. മാതൃകയിലാണിത്. രണ്ടാംഭാഗത്തില്‍ 50 മാര്‍ക്കിന് ഭാഷാവിഭാഗം ചോദ്യങ്ങളാണ്; മലയാളത്തിന് 30 മാര്‍ക്കും ഇംഗ്ലീഷിന് 20 മാര്‍ക്കും. മുഖ്യപരീക്ഷ വിവരണാത്മകമാണ്. 100 മാര്‍ക്ക് വീതമുള്ള മൂന്നു ഭാഗം. അഭിമുഖം 50 മാര്‍ക്കിന്. മുഖ്യപരീക്ഷയ്ക്കും അഭിമുഖത്തിനുമുള്ള മാര്‍ക്ക് കണക്കിലെടുത്താണ് റാങ്ക്പട്ടിക തയ്യാറാക്കുക. കെ.എ.എസില്‍ എട്ടുവര്‍ഷസേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.പി.എസ്.സി. മാനദണ്ഡങ്ങള്‍ പ്രകാരം ഐ.എ.എസില്‍ പ്രവേശിക്കാനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്.