Kerala

നടിയെ ആക്രമിച്ച കേസ്; രേഖകള്‍ ലഭിക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്

കേസിലെ മുഴുവന്‍ രേഖകളും നല്‍കാതെ നീതിപൂര്‍വ്വമായ വിചാരണ സാധ്യമല്ലെന്ന് ചൂണ്ടികാട്ടിയാണ് ദിലീപ് അപേക്ഷ നല്‍കിയിട്ടുള്ളത്. 32 രേഖകള്‍ ഇനിയും നല്‍കാനുണ്ടെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും നല്‍കികഴിഞ്ഞെന്നും സാധ്യമായ മുഴവന്‍ രേഖകളും നല്‍കാമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. ഈ ഹരജിയിലാണ് വിചാരണ കോടതി ഇന്ന് വിധി പറയുക. നിലവില്‍ റിമാന്‍ഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഒൻപതാം പ്രതിയുടെ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തിയിരുന്നു. പ്രതിയായ സനല്‍കുമാറിനെ ഇന്ന്ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രിം കോടതി അനുമതി ലഭിച്ചതോടെ വിചാരണ കോടതിയിൽ അതിനുള്ള അപേക്ഷ ദിലീപ് സമർപ്പിച്ചു. പരിശോധനക്കായി വിദഗ്ധനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും കേരളത്തിന് പുറത്ത് നിന്നുള്ളവരെയാണ് പരിഗണിക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അടുത്ത തിങ്കളാഴ്ച വരൊയാണ് കോടതി ഇതിനുള്ള സമയം അനുവദിച്ചിട്ടുള്ളത്.