ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവജാഗ്രത തുടരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്. വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.
ജനിതകമാറ്റം വന്ന വൈറസ് സാധാരണ കോവിഡ് വൈറസിനെക്കാള്‍ എഴുപത് ശതമാനം കൂടുതല്‍ പകര്‍ച്ചശേഷിയുള്ളതാണ്. ബ്രിട്ടനില്‍ നിന്നെത്തിയവരില്‍ വൈറസ് കണ്ടെത്തിയത് കൊണ്ട് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. പല ദിവസങ്ങളായി എത്തിയ ഇവരെ വിമാനത്താവളത്തില്‍ വച്ച് തന്നെ നിരീക്ഷണത്തിലേക്ക് മാറ്റിയതിനാല്‍ ഇവര്‍ത്ത് സമ്പര്‍ക്ക സാധ്യതിയില്ലെന്നാണ് നിഗമനമെങ്കിലും ഇവരുമായി സംസാരിച്ച് സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ജാഗ്രത വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍.
രോഗപകര്‍ച്ച പെട്ടെന്നാണെന്നതിനാല്‍ പ്രായമായവര്‍ പ്രത്യേകം ശ്രദ്ധിക്കണം. റിവേഴ്സ് ക്വാറന്‍റയിന്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. അതേസമയം വാക്സിന്‍ വേഗത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. കോവിഷീല്‍ഡ് വാക്സിന്‍ ആയിരിക്കും ഉപയോഗിക്കുകയെന്ന് സാമൂഹ്യസുരക്ഷ മിഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ മുഹമ്മദ് അഷീല്‍ പറഞ്ഞു.
ബ്രിട്ടനില്‍ നിന്നെത്തുന്നവരില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകള്‍ തുടര്‍ പരിശോധനക്കായി പൂനെ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് അയക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വന്നവരെയും കണ്ടെത്തി നിരീക്ഷിക്കുന്നുണ്ട്. വിദേശത്ത് നിന്ന് എത്തിയവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശമുണ്ട്.