മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മത്സ്യബന്ധനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി വിദഗ്ധര്‍. കടലില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ സമയത്ത് ഇവയെ പിടികൂടുന്നത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന പഠനം മുന്‍നിര്‍ത്തിയാണ് നിര്‍ദേശം.
കേരളീയരുടെ ഇഷ്ട മത്സ്യമായ മത്തി തീന്‍മേശയിലേക്കെത്താന്‍ ഇനി അല്‍പ്പം ബുദ്ധിമുട്ടും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മത്തിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മത്സ്യബന്ധനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്. മത്തി കുറയുന്നതിന് പിന്നിലെ കാരണങ്ങള്‍ വിലയിരുത്തുന്നതിനായി കൊച്ചിയിലെ കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തില്‍ നടന്ന വിദഗ്ധരുടെ ചര്‍ച്ചയിലാണ് ഇത്തരമൊരു നിര്‍ദേശം.
എല്‍നിനോ പ്രതിഭാസത്തിന് ശേഷം കേരളത്തില്‍ മത്തി ലഭ്യതയില്‍ കാര്യമായ കുറവുണ്ടാകുമെന്ന് നേരത്തെ പ്രവചനം ഉണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് പുറമെ മത്സ്യബന്ധന രീതിയില്‍ വന്ന മാറ്റങ്ങളും മത്സ്യലഭ്യതയില്‍ കുറവുണ്ടാക്കി. മത്തിയുടെ ലഭ്യതയില്‍ തകര്‍ച്ച നേരിടുന്ന കാലയളവില്‍ മത്സ്യബന്ധനം നടത്താവുന്ന അനുവദനീയമായ വലിപ്പം 10 സെ.മി.യില്‍ നിന്നും 15 സെ.മി. ആയി ഉയര്‍ത്തുന്നതും ഒരു പരിധി വരെ ഗുണകരമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.