സ്വിറ്റസർലണ്ടിലെ സാമൂഹിക സാംസ്കാരിക സംഘടനായ കേളി ഒരുക്കിയ ഇരുപതാമത് കേളി കലാമേള ഹോംബ്രെക്ടികോണിൽ വർണ്ണാഭമായ സമാപനച്ചടങ്ങുകളോടെ കൊടിയിറങ്ങി.
ആറു മാസക്കാലത്തോളം നീണ്ടു നിന്ന വിവിധ കമ്മിറ്റികളുടെ പഴുതടച്ച പ്രവർത്തനത്തിൻ്റെ ഫലമായ് ജൂൺ 7, 8 തീയതികളിൽ നടന്ന 20-)മത് കേളി ഇൻ്റർനാഷണൽ കലാമേളയിൽ അനേകം പ്രതിഭകൾ വിവിധ മൽസരങ്ങളിൽ മാറ്റുരച്ചു.
രണ്ടു ദിനരാത്രങ്ങൾ ഹോംബ്രെക്ടികോണിൽ ജൂൺ 7, 8 തീയതികളിൽ ചിലങ്കകളുടെയും സംഗീതത്തിന്റെയും താളമേളങ്ങൾ ഉയർന്ന കലാമാമാങ്കത്തിനു രണ്ടാം ദിവസം നടന്ന സമാപന ചടങ്ങോടെ തിരശീല വീണു.
അടുത്തവർഷം വീണ്ടും ഒത്തുചേരാമെന്ന ശുഭപ്രതീക്ഷയോടെ മത്സരാർത്ഥികളും കളം വിട്ടു. ഇന്ത്യക്കു പുറത്തു നടക്കുന്ന ഏറ്റവും വലിയ യുവജനോത്സവമായ ഈ കലാമേളയിൽ വളരെയധികം പങ്കാളിത്തം ഉണ്ടായിരുന്നതിനാൽ മത്സരാർത്ഥികൾ രണ്ടു വേദികളിലായി മാറ്റുരയ്ക്കേണ്ടി വരികയുണ്ടായി .

വർഷങ്ങൾ നീണ്ട പഠനത്തിലൂടെയും പരിശീലനത്തിലൂടെയും സ്വായത്തമാക്കിയ കലകൾ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിലൂടെ മാറ്റുരക്കുന്ന അപൂർവ്വ വേദിയായി കേളി കലാമേള മാറി.
നിറഞ്ഞ സദസിനുമുമ്പിൽ നടന്ന സമാപന ചടങ്ങ് പ്രസിഡൻറ് ശ്രീമതി ദീപ മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ ജിജിൻ രാജഗോപാലൻ സദസിനു സ്വാഗതം ആശംസിച്ചു . കർണാട്ടിക സംഗീത പ്രതിഭയായ ശ്രീ ശ്രീനിധി കൗഷിക് മുഖ്യാതിഥിയായി. കലാമേള കൺവീനർ ശ്രീ പയസ് ജോസഫ് പാലത്രക്കടവിൽ നന്ദി പ്രകാശിച്ചിപ്പിച്ചു. കലാമേള കൺവീനർ ബിബു ചേലക്കൽ, ജഡ്ജ്മെന്റ് കമ്മിറ്റി കൺവീനർ ബെന്നി പുളിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
എല്ലാ വിജയികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി കേളി മത്സരാർത്ഥികളെ ആദരിച്ചു.
കടുത്ത മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയിച്ചു വരുന്ന കുട്ടിക്ക് നൽകി വരുന്ന സൂര്യ ഇന്ത്യ കലാതിലകം ട്രോഫി ഈ വർഷം നന്ദന പ്രശാന്ത് കരസ്ഥമാക്കി.നൃത്ത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ വ്യക്തിക്ക് നൽകുന്ന കേളി കലാരത്ന ട്രോഫി കുമാരി ഡോണ മുണ്ടിയാനി കരസ്ഥമാക്കി .
നൃത്യേതര ഇനങ്ങളിൽ ചാമ്പ്യൻ ആകുന്ന വ്യക്തിക്ക് നൽകുന്ന ഫാ.ആബേൽ മെമ്മോറിയൽ ട്രോഫിക്ക് റോഹൻ രതീഷ് അർഹനായി.മൈനർ ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ബാലതാരത്തിന് നൽകുന്ന കേളി ബാലപ്രതിഭ അവാർഡ് കുമാരി തനിഷ്ക നായർ കരസ്ഥമാക്കി.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സബ് ജൂനിയർ താരത്തിന് നൽകുന്ന കേളി ബാലതാരം അവാർഡ് റിതിമ രതീഷ് കരസ്ഥമാക്കി.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജൂനിയർ താരത്തിന് നൽകുന്ന കേളി യുവപ്രതിഭ അവാർഡ് കാർത്തിക രാജഗോപാലൻ കരസ്ഥമാക്കി.
മീഡിയ ഈവന്റുകൾക്ക് (ഫോട്ടോഗ്രാഫി,ഷോർട് ഫിലിം , പെയിന്റിംഗ് ) നൽകി വരുന്ന ജനപ്രിയ അവാർഡുകൾ താഴെ പറയുന്നവർ കരസ്ഥമാക്കി.
ഫോട്ടോഗ്രാഫി : ജിൻടു ജോസ് കളത്തിൽ
ഓപ്പൺ പെയിന്റിംഗ് : ദീപ സ്കറിയ
റീൽസ് : ഡാനിയേൽ കാച്ചപ്പിള്ളി
യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രൗഡഗംഭീരമായ സദസ്സിൻ്റെ സാന്നിധ്യത്തിൽ 20-) മത് കേളി ഇൻറർനാഷണൽ കലാമേള മറക്കാനാവാത്ത ചരിത്ര മുഹൂർത്തമായ് ആലേഖനം ചെയ്യപ്പെട്ടു.
കൂടുതൽ വിവരങ്ങൾക്ക് www.kalamela.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കലാപരിപാടികളുടെ ചിത്രങ്ങളും വിഡിയോകളും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ വഴി ഓർഡർ ചെയ്യാവുന്നതാണ്.
സുബി ഉള്ളാട്ടിൽ
പി ആർ ഒ