India Kerala

കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണറോട് കോണ്‍ഗ്രസ്

കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഗവര്‍ണറുടെ ഓഫീസില്‍ വിളിച്ചാണ് കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ രേഖാമൂലം എഴുതി ആവശ്യപ്പെടണമെന്ന് ഗവര്‍ണറുടെ ഓഫീസ് മറുപടി നല്‍കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം പദവിക്ക് അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് കെ. മുരളീധരന്‍ എം.പി വിമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും മുരളീധരന്‍ വ്യക്തമാക്കി.