നഷ്ടത്തിലാണെങ്കിലും കെ.എസ്.ആര്‍.ടി.സി. ന്യൂ ഇയറിലേക്ക് ഓടിയത് ‘ഹാപ്പി’ ആയിട്ടാണ്. ഡിസംബറില്‍ മാത്രം വരുമാനം 213 കോടി രൂപയിലെത്തി. 2018 ഡിസംബറില്‍ 198 കോടിയായിരുന്നു വരുമാനം. അപൂര്‍വമായാണ് വരുമാനം 200 കോടി കടക്കാറുള്ളത്.
കഴിഞ്ഞ മേയില്‍ ഇത് 200.91 കോടി രൂപയിലെത്തിയിരുന്നു. എന്നാല്‍, റൂട്ട് പരിഷ്‌കരണത്തിന്റെ പേരില്‍ 30 ശതമാനത്തോളം സര്‍വീസുകള്‍ നടത്താതിരിക്കുമ്ബോഴാണ് ഇപ്പോള്‍ 213 കോടി രൂപയെന്ന നേട്ടത്തിലേക്കെത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഡിസംബറിലേത്. ഇതോടെ 2019-ലെ വരുമാനം 2,272 കോടി രൂപയിലെത്തി.
ശബരിമല സീസണ്‍ ഈ വരുമാനനേട്ടത്തില്‍ വലിയൊരു ഘടകമാണ്. സ്‌പെയര്‍ പാര്‍ട്സും ടയറും ഇല്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി.യുടെ ആയിരത്തിലേറെ ബസുകള്‍ കട്ടപ്പുറത്താണ്. ലോ ഫ്‌ളോറുകള്‍ ഉള്‍പ്പെടെ 6,300 ബസ്സുകളാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്.
നഷ്ടത്തിന്റെയും റൂട്ട് പരിഷ്‌കരണത്തിന്റെയും പേരില്‍ ഇവയില്‍ രണ്ടായിരത്തോളം എണ്ണം ഓടിക്കുന്നില്ല. നഷ്ടത്തിലോടുന്നതിനാല്‍ ജീവനക്കാര്‍ക്കുള്ള ശമ്ബളവും കൃത്യമായി വിതരണം ചെയ്യാനായിട്ടില്ല.
സമരത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ശമ്ബളം കൃത്യമായി നല്‍കുമെന്നും പുതിയ ആയിരം ബസുകള്‍ വാങ്ങുമെന്നും ഗതാഗതമന്ത്രി ഉറപ്പുനല്‍കിയിരുന്നു.