സംസ്ഥാനത്തെ എഞ്ചീനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ ഫലം പുറത്ത്. റാങ്ക് പട്ടികയിൽ 53,236 വിദ്യാർത്ഥികൾ ഇടം നേടി. എഞ്ചീനിയറിംഗ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് വരുൺ കെ എസിനാണ്. കണ്ണൂരുകാരനായ ഗോകുൽ ടി കെ, മലപ്പുറം സ്വദേശി നിയാസ് മോൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. ഫാർമസി പ്രവേശന പരീക്ഷയിൽ തൃശൂർ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക്.
കഴിഞ്ഞ ഒൻപതിന് പ്രവേശന പരീക്ഷയുടെ സ്‌കോർ പുറത്തുവിട്ടിരുന്നു. പന്ത്രണ്ടാം തരം പരീക്ഷയിലെ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പ്രവേശനപരീക്ഷയിലെ സ്‌കോറും തുല്യമായി പരിഗണിച്ചാണ് നോർമലൈസേഷനിലൂടെ റാങ്ക് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.
www.cee.kerala.gov.in വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. ബി.ആർക് പ്രവേശനത്തിനുള്ള ആർക്കിടെക്ചർ റാങ്ക് പട്ടിക വരും ദിവസങ്ങളിലായിരിക്കും പുറത്തുവിടുന്നത്. ‘നാട്ട’ പരീക്ഷ ഫലം വൈകിയതാണ് ബി ആർക് റാങ്ക് പട്ടിക തയാറാക്കുന്നത് വൈകിപ്പിക്കുന്നത്. റാങ്ക് പട്ടിക തയാറാക്കുന്നതിനുള്ള യോഗ്യത പരീക്ഷ (പ്ലസ് ടു/ തത്തുല്യം)യുടെ മാർക്കും ‘നാട്ട’ സ്‌കോറും നൽകാനുള്ള സമയം 26 വരെയാണ്.