Kerala

‘മോദിയുടെയും അമിത് ഷായുടെയും കൊട്ടേഷൻ ഏറ്റെടുത്ത് കൊണ്ടാണ് മുഖ്യമന്ത്രി ഭാരത് ജോഡോ യാത്രക്കെതിരെ വിമർശനം ഉന്നയിച്ചത്’ : കെ.സി വേണുഗോപാൽ

നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കൊട്ടേഷൻ ഏറ്റെടുത്ത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭാരത് ജോഡോ യാത്രക്കെതിരെ വിമർശനം ഉന്നയിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. അതേസമയം, ഭാരത്‌ജോഡോ യാത്ര തൃശൂർ ജില്ലയിൽ പര്യടനം തുടരുകയാണ്.

സിപിഎമ്മിന്റെ ആരോപണങ്ങളോട് രാഹുൽഗാന്ധി മൗനം പാലിക്കുമ്പോഴും മറ്റു നേതാക്കൾ പ്രത്യാക്രമണം തുടരുകയാണ്. ഭാരത് ജോഡോ യാത്രക്കെതിരായ കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത് എത്തി. ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രി കൊട്ടേഷൻ ഏറ്റെടുത്തെന്ന് കെ സി വേണുഗോപാൽ

ആരോപണങ്ങളും വിമർശനങ്ങളും തുടരുമ്പോഴും വലിയ വരവേൽപ്പാണ് രാഹുൽഗാന്ധിക്കും ഭാരത് ജോഡോ യാത്രക്കും ലഭിക്കുന്നത്. പേരാമ്പ്രയിൽ നിന്ന് ആരംഭിച്ച ഇന്നത്തെ പര്യടനം വൈകിട്ട് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സമാപിക്കും. മത സമുദായിക രംഗത്തെയും സാഹിത്യ മേഖലയിലെയും പ്രമുഖരുമായി രാഹുൽഗാന്ധി ഇന്ന് കൂടിക്കാഴ്ച്ച നടത്തി. ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ചു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കനത്ത ചൂടിലും ഇന്ന് രാഹുൽഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കെടുത്തു.