Kerala

‘കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്’; അദ്ദേഹം മന്ത്രിയാകാൻ യോഗ്യനെന്ന് എകെ ശശീന്ദ്രൻ

ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കെബി ഗണേഷ് കുമാറിൻ്റെ ഗുണവും ദോഷവും പരിശോധിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ പുനർചിന്തയില്ല എന്നും അദ്ദേഹം പറഞ്ഞു. (ganesh kumar saseendran minister)

മന്ത്രിസഭാ പുനസംഘടന മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. ഒരു ചർച്ചയും ഇപ്പോൾ നടക്കുന്നില്ല. മുൻധാരണ പ്രകാരമുള്ള മാറ്റം മാത്രമേ ഉണ്ടാകൂ. വകുപ്പുകൾ ഏതാണ് എന്നുള്ളത് മുൻപ് തീരുമാനിച്ചതാണ്. തുറമുഖം – മ്യൂസിയം, ഗതാഗതം വകുപ്പുകളിൽ മാത്രമേ മാറ്റമുണ്ടാകൂ. വകുപ്പുകളും മന്ത്രിമാരെ തീരുമാനിക്കുന്നതും മുഖ്യമന്ത്രിയുടെ അവകാശമാണ്. ചിലർക്ക് പുനസംഘടന വാർത്ത കേൾക്കുമ്പോൾ സുഖമുണ്ടാകും. അവർ കുറച്ച് കാലം സുഖം അനുഭവിക്കട്ടെ. ഇല്ലാത്ത പ്രശ്നം ഉണ്ട് എന്ന് വരുത്തി തീർത്ത് ലൈവാക്കി നിർത്തുകയാണ് ഇത്തരക്കാർ എന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ പുനഃസംഘടനയിൽ വകുപ്പ് മാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് എസ് രംഗത്തുവന്നിട്ടുണ്ട്. തുറമുഖ വകുപ്പിനോട് താത്പര്യമില്ലെന്നും മറ്റേതെങ്കിലും വകുപ്പ് അനുവദിക്കണമെന്നും രാമചന്ദ്രൻ കടന്നപ്പള്ളി എൽഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ഇടപെടാൻ കഴിയുന്ന വകുപ്പ് വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഗതാഗത വകുപ്പ് മാറ്റിത്തരണമെന്ന ആവശ്യവുമായി കെ ബി ഗണേഷ്‌കുമാറും രംഗത്തെത്തി.

രണ്ടരവർഷം കഴിയുമ്പോൾ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നണിയിൽ ധാരണയായതാണ്. അഹമ്മദ് ദേവർകോവിൽ കൈവശം വച്ചിരിക്കുന്ന തുറമുഖ, മ്യൂസിയം വകുപ്പുകൾ കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറും. ആന്റണി രാജുവിന്റെ ഗതാഗതം ഗണേഷ് കുമാറിന് കൈമാറുമെന്നുമായിരുന്നു ധാരണ. എന്നാൽ വകുപ്പുകൾ മാറ്റിത്തരണമെന്ന ആവശ്യത്തിലാണ് ഇരുകൂട്ടരും.

മന്ത്രിസഭാ പുനസംഘടനയിൽ എൽജെഡി സാധ്യത തള്ളി ഘടകക്ഷികൾ രംഗത്തുവന്നിരുന്നു. ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ട് എന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കാലാവധി നീട്ടണമെന്ന് ആന്റണി രാജുവോ, അഹമ്മദ് ദേവർകോവിലോ ആവശ്യപ്പെട്ടിട്ടില്ല. മറ്റൊരു ചർച്ചയും പുനഃസംഘടനയും ഇല്ല എന്നും അദ്ദേഹം 24നോട് പ്രതികരിച്ചു.