കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. പ്രോസിക്യൂഷൻ്റെ ക്രോസ് വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. കേസിൽ കാവ്യാ മാധവൻ 34-ാം സാക്ഷിയായിരുന്നു.
താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടന്ന വേദിയിൽ അക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഈ പ്രശ്നങ്ങൾക്ക് സാക്ഷിയായിരുന്നു കാവ്യാ മാധവനെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്നാണ് കാവ്യയെ സാക്ഷിയാക്കാൻ പൊലീസ് തീരുമാനിച്ചത്.
കേസിന്റെ വിചാരണ കുറച്ച് നാളത്തേക്ക് നിർത്തിവച്ചിരിക്കുകയായിരുന്നു. ഇന്നലെ വിസ്താരം ആരംഭിച്ചപ്പോൾ കാവ്യാ മാധവൻ എത്തിയിരുന്നു. എന്നാൽ കാവ്യ നൽകിയ ചില മറുപടികളാണ് ഇപ്പോൾ താരത്തെ കൂറുമാറിയതായി പ്രഖ്യാപിക്കാൻ പ്രോസിക്യൂഷനെ പ്രേരിപ്പിച്ചത്. കാവ്യയെ ക്രോസ് വിസ്താരത്തിന് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവൻ ഇന്നലെ കോടതിയിൽ ഹാജരായിരുന്നു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരായത്. കഴിഞ്ഞ മെയ് മാസത്തിൽ കാവ്യ കോടതിയിൽ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.
കേസില്‍ 300 ൽ അധികം സാക്ഷി കളുള്ളതിൽ 178 പേരുടെ വിസ്താരമാണിപ്പോൾ പൂർത്തിയാക്കിയിട്ടടുള്ളത്. വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതിയോട് ആറ് മാസം കൂടി സമയം കോടതി ആവശ്യപെട്ടിട്ടുണ്ട്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയിൽ നടി അക്രമത്തിനിരയാകുന്നത്. കേസിൽ കാവ്യാ മാധവന്റെ ഭർത്താവും നടനുമായ എട്ടാം പ്രതിയാണ് നടൻ ദിലീപ്.