പുത്തുമല ദുരന്തത്തിൽ മരിച്ച മൂന്നു വയസുകാരൻ മുഹമ്മദ് മിഫ്തഹിന്റെ കുടുംബം ഇപ്പോൾ കഴിയുന്നത് ബന്ധുക്കളോടൊപ്പം ഒറ്റമുറി എസ്റ്റേറ്റ് പാടിയിലാണ്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ഇവർ താമസിച്ചിരുന്ന കാന്റീനും ഉരുൾപൊട്ടലിൽ നാമാവശേഷമായി.
കളിചിരികളുമായി പുത്തുമലയിലെ പഴയ എസ്റ്റേറ്റ് കാന്റീനിൽ നിറഞ്ഞു നിന്ന മുഹമ്മദ് മിഫ്തഹ് എന്ന 3 വയസുകാരൻ ഒരു നാടിന്റെയാകെ അരുമയായിരുന്നു. ഉരുൾപൊട്ടലിൽ തകർന്ന കാന്റീനിന്റെ തറയിൽ ഉമ്മ പുതപ്പിച്ചു കിടത്തിയ നിലയിൽ തന്നെ പിറ്റേദിവസമാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത് മണ്ണിനടിയിൽ പെട്ടു പോയ ഉപ്പ ഷൌക്കത്തും ഉമ്മ മുനീറയും 5 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. വിവാഹ ശേഷം 13 വർഷം കഴിഞ്ഞുണ്ടായ ഏക മകനെ കൺമുമ്പിൽ മരണം റാഞ്ചിയെടുത്തതിന്റെ കരളു പിടയുന്ന വേദന തിന്ന് കഴിയുകയാണ് ഉമ്മ മുനീറ.
ഇപ്പോൾ ഭാര്യാ വീട്ടുകാർക്കൊപ്പം ഇടുങ്ങിയ ഒറ്റമുറി പാടിയിൽ കഴിയുന്ന ഷൌക്കത്തിന് സ്വന്തമായി ഭൂമിയും വീടുമില്ല. മൂന്ന് മാസം മുമ്പ് കാന്റീൻ തുടങ്ങിയതിന്റെ കടവും ബാധ്യതയായുണ്ട് .