നിലമ്പൂർ കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. ദുരന്തത്തില്‍ കാണാതായ 59 പേരിൽ 48 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുക്കളുള്‍പ്പെടെ പങ്കെടുത്ത സര്‍വകക്ഷി യോഗത്തിലാണ് തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനമായത്.
മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കള്‍ നിര്‍ദേശിച്ച സ്ഥലങ്ങളിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. അപകടം സംഭവിച്ചതിന് ശേഷമുള്ള പതിനെട്ടാം ദിവസം പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെയും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്കിന്റെയും നേതൃത്വത്തിലാണ് യോഗം നടന്നത്.
19ആം ദിനമായ ഇന്ന് കൂടി തെരച്ചില്‍ തുടരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുകയായിരുന്നു. ഏറ്റവും അത്യാധുനിക സംവിധാനങ്ങൾ വരെ ഉപയോഗിച്ചാണ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. ഇനിയും 11 പേരെയാണ് കണ്ടെത്താനുള്ളത്. കണ്ടെത്താൻ കഴിയാത്തവരെ ഓഖി ദുരന്ത കാലത്ത് സ്വീകരിച്ചത് പോലെ മരിച്ചതായി കണക്കാക്കി ഉത്തരിവിറക്കാനും ധനസഹായം ഉൾപ്പടെ എല്ലാ നടപടികളും സ്വീകരിക്കാനും ഇന്നലെ ചേർന്ന യോഗത്തിൽ ധാരണയായിരുന്നു.