India Kerala

കവളപ്പാറയില്‍ തെരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു; കണ്ടെത്താനുള്ളത് 13 പേരെ

നിലമ്പൂർ കവളപ്പാറയിൽ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുള്ള തെരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു. 13 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നലെ 6 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

കവളപ്പാറയിലെ മണ്ണിടിച്ചിലിൽ മരിച്ച 46 പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്തി. ഔദ്യോഗിക കണക്ക് പ്രകാരം ഇനി 13 പേരെ കൂടി കണ്ടെത്താനുണ്ട്. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ മഴ ഇന്നത്തെ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കും. ചളി വെള്ളത്തിൽ മണ്ണുമാന്തിയന്ത്രങ്ങൾ താഴുന്നത് പ്രതിസന്ധിയാണ്.

ഇന്നലെ ഹൈദരാബാദ് നാഷനല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം ജി.പി.ആർ ഉപയോഗിച്ച് പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. എട്ട് സ്ഥലങ്ങളിൽ നിന്നും സിഗ്നൽ ലഭിച്ചിരുന്നെങ്കിലും ഇവിടെ നിന്നും ആളുകളെ കണ്ടെത്താനായില്ല. വെള്ളത്തിന്റെ സാന്നിദ്ധ്യമാണ് റഡാർ സംവിധാനത്തെ പ്രതികൂലമായി ബാധിച്ചത്.