നിലമ്പൂർ കവളപ്പാറയിൽ മണ്ണിനടിയിൽ കുടുങ്ങിയവർക്കായുളള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്. ഇനി 29 പേരെ കൂടി കണ്ടെത്താനുണ്ട്. പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുന്നുണ്ട്.
ഉരുൾ പൊട്ടലിൽ 59 പേരെ കാണാതായ കവളപ്പാറയിൽ ഇതുവരെ കണ്ടെടുക്കാനായത് 30 മൃതദേഹങ്ങൾ. ദുരന്തമുണ്ടായി ഏഴ് നാൾ പിന്നിടുമ്പോഴും ഉറ്റവരുടെ മൃതശരീരമെങ്കിലും കണ്ടു കിട്ടുമോയെന്നറിയാതെ കാത്തിരിക്കുകയാണ് ബന്ധുക്കൾ. മഴ വീണ്ടും കനത്തത് തെരച്ചിലിൽ ഏർപ്പെട്ടവരെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ തിരച്ചിൽ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ മലയുടെ മുകൾ ഭാഗത്ത് തിരച്ചിൽ നിർത്താൻ ഉദ്യോഗസ്ഥർ നിർദേശം നൽകുകയായിരുന്നു. ജില്ലയിൽ ഇന്നും മഴയ്ക്ക് സാധ്യത ഉണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ട്. മഴ തുടർന്നാൽ തെരച്ചിൽ വീണ്ടും മന്ദഗതിയിലാകും.
എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. അഴുകിത്തുടങ്ങിയതിനാൽ ഇപ്പോൾ ലഭിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്.