കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സഹായധനം നേരത്തേ നല്‍കിയിരുന്നു. കാണാതായവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനുകൂല നിലപാട്.
കവളപ്പാറയിൽ 11 പേരെയും പുത്തുമലയിൽ 5 പേരെയും കണ്ടെത്താൻ കഴിയാതെയാണ് തിരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നത്. കണ്ടെത്തിയവരുടെ ബന്ധുക്കൾക്ക് നൽകുന്നതിന്റെ സമാനമായ സഹായധനം കാണാതായവരുടെ ബന്ധുക്കൾക്കും നൽകുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ജില്ലാ ഭരണകൂടം ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു അനുവദിച്ചു കൊണ്ടാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്.
പ്രളയത്തിനിടെയുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും കാണാതായവരുടെ ബന്ധുകളുടെ ഉറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ദുരന്തത്തില്‍പ്പെട്ട് കാണാതായ ശേഷം പിന്നീട് മൃതദേഹം കണ്ടെത്തിയ ആളുകളുടെ ബന്ധുക്കള്‍ക്ക് നല്കിയ അതെ സഹായങ്ങള്‍ തന്നെയാണ് ഇനിയും കണ്ടെത്താന്‍ സാധിക്കാത്തവരുടെ ബന്ധുക്കള്‍ക്കും നല്‍കുക. കവളപ്പാറയിൽ നാൽപതോളം കുടുംബങ്ങൾക്ക് ധനസഹായം കൈമാറി കഴിഞ്ഞിട്ടുണ്ട്.