പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുകയാണ് നിലമ്പൂർ കവളപ്പാറയിൽ. 59 പേരുടെ ജീവനെടുത്ത ദുരന്തം നടന്ന് മാസങ്ങൾക്കിപ്പുറവും ഭൂമി കണ്ടെത്താൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല. 24 ആദിവാസി കുടുംബങ്ങളുമുൾപ്പടെ 97 വീടുകളാണ് കവളപ്പാറയിൽ മാത്രം നഷ്ടപ്പെട്ടത്. ദുരന്തം കഴിഞ്ഞ് ആറുമാസം പിന്നിടുമ്പോഴും, മണ്ണും വീടുമുൾപ്പടെ എല്ലാം നഷ്ടപ്പെട്ട കവളപ്പാറ നിവാസികളുടെ പുനരധിവാസം സംബന്ധിച്ച് അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.
സ്ഥലമേറ്റെടുക്കൽ നടപടി പോലും പ്രാരംഭ ഘട്ടത്തിലാണ്. ഇക്കഴിഞ്ഞ ജനുവരി 31 നാണ് ഭൂമി ഏറ്റെടുക്കാൻ സർകാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ഭൂമി കണ്ടെത്തി നടപടികൾ പൂർത്തിയാക്കി പുനരധിവാസം നടപ്പിലാക്കുമ്പോൾ ഒട്ടേറെ സമയം ഇനിയുമെടുക്കും. സന്നദ്ധ സംഘടനകളുടെ ഇടപെടലിനപ്പുറത്ത് സർകാർ തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഇത്രയേറെ കാലതാമസമുണ്ടാകുന്നത് ജനങ്ങൾക്കിടയിൽ ഏറെ അമർഷമുണ്ടാക്കിയിട്ടുണ്ട്.