Kerala

സര്‍ക്കാരിന് പ്രഹരം; മൂന്ന് ലോ കോളജ് പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ അസാധുവാക്കി കെഎടി

സംസ്ഥാനത്തെ മൂന്ന് ഗവണ്‍മെന്റ് ലോ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം അസാധുവാക്കി. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍ നിയമനമാണ് റദ്ദാക്കിയത്. മാനദണ്ഡ പ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. എറണാകുളം ലോ കോളേജിലെ അധ്യാപകന്‍ ഡോ.ഗിരിശങ്കറിന്റെ പരാതി പരിഗണിച്ച ശേഷമാണ് ഉത്തരവ്.

മതിയായ യോഗ്യതയുള്ളവരെ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് പരിഗണിച്ചില്ലെന്നായിരുന്നു എറണാകുളം ലോ കോളജിലെ അധ്യാപകന്റെ പരാതി. 2018ലെ യുജിസി മാനദണ്ഡം പാലിക്കാത്ത നിയമനങ്ങള്‍ അസാധുവാണെന്ന സുപ്രീംകോടതി നിരീക്ഷണം ബാധകമെന്ന് ട്രിബ്യൂണല്‍ നിരീക്ഷിക്കുകയായിരുന്നു.

തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍ ബിജു കുമാര്‍, തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജിലെ പ്രിന്‍സിപ്പല്‍ പി ആര്‍ ജയദേവന്‍, എറണാകുളം ലോ കോളജ് പ്രിന്‍സിപ്പല്‍ ബിന്ദു എം നമ്പ്യാര്‍ എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. വൈസ് ചാന്‍സലര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പുറമേ 12 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് നിയമനങ്ങളും വിവാദമായിരുന്നു. ഇതിന് പിന്നാലെ ലോ കോളജ് നിയമനങ്ങള്‍ അസാധുവാക്കപ്പെടുന്നത് സര്‍ക്കാരിന് കനത്ത പ്രഹരമാകുകയാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് വിവരം.