Kerala

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കും

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ( kastoori rangan final report ) ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കുമെന്ന് സൂചന.

ജനവാസ മേഖലയെ പരിസ്ഥിതി ദുർബല പ്രദേശത്ത് ഉൾപ്പെടുത്തേണ്ട എന്നതാണ് പുതിയ ആലോചന. ജനവാസ മേഖലയിൽ ഉൾപ്പെട്ട 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ആകും പരിസ്ഥിതി ദുർബല മേഖലയിൽനിന്ന് ഒഴിവാക്കുക.

സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ നിർദേശം. വനമേഖലയിൽ ഉൾപ്പെട്ട 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ജനവാസമേഖലയായി വിജ്ഞാപനം ചെയ്യാൻ സംസ്ഥാനത്തിന് അനുമതി നൽകാനാണ് നടപടി. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതി കേന്ദ്രസർക്കാർ നിർദേശത്തിൽ അന്തിമ തീരുമാനം കൈകൊള്ളും.

2018 സെപ്റ്റംബർ മൂന്നിന് കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം നൽകിയിരുന്നു. കേരളം ആവശ്യപ്പെട്ട മാറ്റങ്ങൾ അതേപടി നിലനിർത്തിയാണ് കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയത്. കസ്തൂരിരംഗൻ ശുപാർശകൾ അതേപടി അംഗീകരിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര നിലപാട്. സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ചാണ് മാറ്റങ്ങളോടെയുള്ള കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയത്. സംസ്ഥാന സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് കേന്ദ്രം അറിയിച്ചു.