കലോത്സവത്തെ വരവേല്‍ക്കാന്‍ കാഞ്ഞങ്ങാട് നഗരം ഒരുങ്ങി. പ്രധാന വേദിയുടേത് ഉള്‍പ്പെടെ എല്ലാം പൂര്‍ത്തിയായി. കലാപൂരം ആരംഭിക്കാന്‍ ഇനിയുള്ളത് മണിക്കൂറുകള്‍ മാത്രമാണ്.
കലാപ്രതിഭകളെ വരവേല്‍ക്കാന്‍ കാഞ്ഞങ്ങാട് ഒരുങ്ങിക്കഴിഞ്ഞു. കാസര്‍കോട് ജില്ലയിലേക്ക് പതിറ്റാണ്ടുകള്‍ക്കിപ്പുറം വിരുന്നെത്തുന്ന കലാമേളയെ വലിയ ആവേശത്തോടെയാണ് കാസര്‍കോടന്‍ ജനത സ്വീകരിക്കുന്നത്. പ്രധാന വേദിയുള്‍പ്പടെയുള്ള എല്ലാ വേദികളുടെയും നിര്‍മാണം പൂര്‍ത്തിയായി. അവസാനവട്ട മിനുക്ക് പണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. വേദികളുടെ ഔദ്യോഗിക കൈമാറ്റം ഇന്ന് വൈകിട്ട് നടക്കും. ആകെ 28 വേദികളിലായി 239 ഇനങ്ങളാണ് അരങ്ങിലെത്തുക. പന്ത്രണ്ടായിരത്തോളം കലാ പ്രതിഭകളും 239 ഇനങ്ങളിലായി മാറ്റുരക്കും. ഇത്തവണത്തെ കലോത്സവം എല്ലാക്കാലവും ഓര്‍മിക്കപ്പെടുന്നതാകുമെന്ന് തന്നെയാണ് സംഘാടകരുടെ ആത്മ വിശ്വാസം.
നാളെ രാവിലെ 9 മണിക്ക് ജനറല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ കെ.ജീവന്‍ ബാബു കലോത്സവ നഗരിയില്‍ പതാക ഉയര്‍ത്തും. പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തില്‍ കൊടി ഉയര്‍ത്തുന്നതോട കൌമാര കലാമേളയുടെ ആവേശവും വാനോളം ഉയരും. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരി തെളിയിക്കുക.