സംസ്ഥാന സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ കാസര്‍കോട് കാഞ്ഞങ്ങാട് നഗരം ഒരുങ്ങുന്നു, വര്‍ഷങ്ങള്‍ക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകര്‍ നടത്തുന്നത്. കലോത്സവത്തിനായെത്തുന്നവര്‍ക്ക് തദ്ദേശീയരുടെ വീടുകളില്‍ താമസ സൌകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
28 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാസര്‍കോട് ജില്ല വേദിയാകുന്നത്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തെ അവിസ്മരണീയമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. കലോത്സവത്തിനായെത്തുന്ന കുട്ടികളും , രക്ഷിതാക്കളും, അധ്യാപകരുമുള്‍പ്പെടെയുള്ളവര്‍ക്ക് താമസത്തിനായി വ്യത്യസ്തമായ സംവിധാനമാണ് സംഘാടകര്‍ ഒരുക്കുന്നത്. തദ്ദേശീയരായ ആളുകളുടെ വീടുകളില്‍ ഇവര്‍ക്കായി താമസ സൌകര്യമൊരുക്കാനാണ് പദ്ധതി. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലായെന്നും നഗരസഭാ അധ്യക്ഷന്‍ പറയുന്നു.
താമസ സൌകര്യമൊരുക്കുന്ന വീടുള്‍പ്പെടുന്ന പ്രദേശത്തെ വാര്‍ഡ് മെമ്പര്‍മാരാണ് അനുബന്ധ സൌകര്യങ്ങള്‍ ഒരുക്കുക. ഇതിനായി പ്രാദേശിക തലത്തിലെ ക്ലബുകളുടെ നേതൃത്വത്തില്‍ കലോത്സവ നഗരിയോട് ചേര്‍ന്ന് ഓരോ പ്രദേശങ്ങളിലും വീടുകള്‍ കണ്ടെത്തിയിട്ടുമുണ്ട്. കലോത്സവ നഗരിയായ കാഞ്ഞങ്ങാട് നഗരത്തില്‍ കലോത്സവത്തിനെത്തുന്നവര്‍ക്ക് മതിയായ താമസ സൌകര്യം ഇല്ല എന്ന് വിലയിരുത്തിയാണ് സംഘാടകര്‍ നവീനവും വ്യത്യസ്തവുമായ ഈ ആശയം നടപ്പിലാക്കാനൊരുങ്ങുന്നത്.