India Kerala

കനത്ത മഴ; കാസര്‍കോട് ജില്ലയില്‍ വ്യാപക കൃഷിനാശം

കാസര്‍കോട് ജില്ലയില്‍ നഗരപ്രദേശങ്ങളിലടക്കം അതിശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. കാലവര്‍ഷം ശക്തിപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലയിലെ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വ്യാപക കൃഷിനാശമാണുണ്ടായിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലയില്‍ മഴ ശക്തി പ്രാപിച്ചത് . അന്നത്തെ തുടര്‍ച്ചയായ മഴയില്‍ തന്നെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. നാല് ദിവസമായി തുടരുന്ന മഴയില്‍ കനത്ത കൃഷി നാശമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 12 ലക്ഷം രൂപയുടെ കൃഷി നശിച്ചു. 34 ഹെക്ടര്‍ പ്രദേശത്തെ കൃഷിയാണ് നശിച്ചത്. കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ഒരു കോടിയിലേറെ രൂപയുടെ കൃഷി നശിച്ചിട്ടുണ്ട്. 160 ഓളം ഹെക്ടര്‍ പ്രദേശത്തെ കൃഷിയാണ് നശിച്ചത്. ഇന്നലെ രാവിലെ മുതല്‍ ഇടവിട്ട് പെയ്തിരുന്ന മഴ ഉച്ചയോടെ ശക്തിയാര്‍ജിച്ചു, ഉച്ചക്ക് ശേഷം തുടര്‍ച്ചയായ മഴയാണ് ജില്ലയിലെ നഗര പ്രദേശങ്ങളിലടക്കം ലഭിച്ചത്. കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ഇത് വരെ ജില്ലയില്‍ 1401.76 മില്ലി മീറ്റര്‍ മഴ ലഭിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 30 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ഇതു വരെ നാലു വീടുകള്‍ പൂര്‍ണമായും 122 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കൂടാതെ ജില്ലയിലാകെ 163 വൈദ്യുതി തൂണുകളും തകര്‍ന്നിട്ടുണ്ട്. റെഡ് അലര്‍ട് പ്രഖ്യാപിച്ച ഇന്ന് തീരപ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 3.5 മുതല്‍ 4.1 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.