India Kerala

കാസര്‍കോട് യുവാക്കള്‍ക്ക് നേരെ പേര് ചോദിച്ച് മര്‍ദനം

കാസര്‍കോട് യുവാക്കള്‍ക്ക് നേരെ പേര് ചോദിച്ച് മര്‍ദനം. യാത്രക്കിടെ വഴിയില്‍ വാഹനം നിര്‍ത്തിയ യുവാക്കളെ രണ്ടംഗ സംഘം പേര് ചോദിച്ച് മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കറന്തക്കാട് പെട്രോള്‍ പമ്പില്‍ വെച്ച് മറ്റൊരാളും സമാനമായ രീതിയില്‍ അക്രമത്തിനിരയായി.‌‌

ഗള്‍ഫില്‍ നിന്നെത്തുന്ന ബന്ധുവിനെ കൂട്ടിക്കൊണ്ട് വരാനായി മംഗലാപുരം എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാഞ്ഞങ്ങാട് മരക്കാപ്പ് സ്വദേശികളായ ഫായിസിനും, സുഹൃത്ത് അനസിനുമാണ് മര്‍ദനമേറ്റത്. കാസര്‍കോട് കറന്തക്കാട് താളിപ്പടുപ്പ് മൈതാനത്തിന് സമീപം തിങ്കളാഴ്ച്ച പുലര്‍ച്ചെ 1 മണിക്കാണ് ആക്രമണമുണ്ടായത്. അക്രമികള്‍ പേര് ചോദിച്ചെന്നും പേര് പറഞ്ഞ ഉടനെ യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദനം ആരംഭിച്ചതെന്നും യുവാക്കള്‍ പറയുന്നു. സംഭവമറിഞ്ഞ് നിരവധി പേര്‍ പിന്തുണയുമായെത്തിയെന്നും മര്‍ദനത്തിനരയായ ഫായിസ് പറഞ്ഞു.

യുവാക്കള്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൌണ്‍ പൊലിസ് ഒരാളെ അറസ്റ്റ് ചെയ്തു. കറന്തക്കാട് സ്വദേശി അജയ്കുമാറാണ് പിടിയിലായത്. 2014ല്‍ നടന്ന സൈനുല്‍ ആബിദ് വധക്കേസിലെ ഒമ്പതാം പ്രതിയാണ് അറസ്റ്റിലായ അജയ് കുമാര്‍. .വേറെയും നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍‍. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. സമാനമായി രീതിയില്‍ തിങ്കളാഴ്ച്ച വൈകീട്ട് മറ്റൊരു യുവാവിന് നേരെയും ആക്രമണമുണ്ടായി. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി സിറാജുദീനെയാണ് കറന്തക്കാട് പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കുന്നതിനിടെ കാറിലെത്തിയ രണ്ടംഗ സംഘം പേര് ചോദിച്ച് മര്‍ദിച്ചത്. ഈ സംഭവത്തിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.