India Kerala

മുല്ലപ്പള്ളിയുടെ കരച്ചിലിനെ പരിഹസിക്കുന്നവരെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ഇന്നലെ രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്തും കാസര്‍കോട് വെച്ച് കൊല്ലപ്പെടുന്നത്. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ കൃപേഷിന്റെ മരണത്തിനുത്തരവാദി സി.പി.എം ആണെന്ന ആരോപണങ്ങള്‍ക്കിടയില്‍ ഇന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടില്‍ ആശ്വസിപ്പിക്കാനെത്തുന്നത്. വീട്ടിലെത്തിയ മുല്ലപ്പള്ളി വികാരഭരിതനായി പോവുകയും കണ്ണീര്‍ വാര്‍ക്കുകയും ചെയ്തത് വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു. അതെ സമയം മുല്ലപ്പള്ളിയുടെ കരച്ചിലിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയിലെ ഇടത് അനുഭാവ പ്രൊഫൈലുകള്‍ രംഗത്ത് വന്നിരുന്നു. മുല്ലപ്പള്ളിയുടേത് നാടകമാണെന്നും കരച്ചില്‍ വ്യാജമാണെന്നുമുള്ള ആരോപണങ്ങളെ വിമര്‍ശിച്ച് അതേ സമയം നിരവധി പേരാണ് രംഗത്ത് വന്നത്. അഭിമന്യൂ കൊല്ലപ്പെട്ടപ്പോൾ സൈമൺ ബ്രിട്ടോയുടെ കണ്ണ് നിറഞ്ഞത് സവാള അരിഞ്ഞിട്ടാണെന്ന് ആരും പറഞ്ഞുകണ്ടില്ല എന്ന് തുടങ്ങുന്ന പോസ്റ്റില്‍ കരയുവാനും വേദനിക്കുവാനും സിപിഎമ്മിനു മാത്രമേ കഴിയുകയുള്ളോ എന്ന ചോദ്യത്തോടെയാണ് അവസാനിക്കുന്നത്.

അഭിമന്യൂ കൊല്ലപ്പെട്ടപ്പോൾ സൈമൺ ബ്രിട്ടോയുടെ കണ്ണുനിറഞ്ഞത് സവാള അരിഞ്ഞിട്ടാണെന്ന് ആരും പറഞ്ഞുകണ്ടില്ല.
അങ്ങനെ ആരേലും പറഞ്ഞാലും നമ്മൾ അത് ആവർത്തിക്കാതിരിക്കാനുള്ള മര്യാദ കാണിക്കണം.

മകൻ കൊല്ലപ്പെട്ട വീട്ടിൽ.. അച്ഛനും സഹോദരിയും വാവിട്ടുകരയുമ്പോൾ ആ നേതാവിൻറെ കണ്ണുനിറഞ്ഞിട്ടുണ്ടേൽ വേദന ഉണ്ടായിരുന്നിരിക്കണം. അതിപ്പോൾ കാപട്യമാണേൽ തന്നെ (എനിക്കൊരിക്കലും അങ്ങനെ കരുതാനാവില്ല) ആ അവസ്ഥയെ നിങ്ങളെത്രപെട്ടെന്നാണ് നിസാരവത്കരിക്കുന്നത്.

ആ അച്ഛന്റെയും സഹോദരിയുടെയും കണ്ണുനീരും തങ്ങളുടെ അളവ് സ്കെയിൽ ഉപയോഗിച്ച് അളന്ന് താത്വിക അവലോകനം നടത്തുമോ?

എങ്ങനെയാണ് ഇതിനു സാധിക്കുന്നത്?

കരയുവാനും വേദനിക്കുവാനും സിപിഎമ്മിനു മാത്രമേ കഴിയുകയുള്ളോ?

‘രാഷട്രീയമര്യാദ’ അത് വേണ്ട ഒന്നാണ്. അത് അവർക്കില്ലേൽ ഞങ്ങൾക്കെന്തിനാണ് എന്നു ചോദിക്കുന്നിടത്ത് തന്നെ അത് ഇല്ലാതായി കഴിഞ്ഞു.