മെഡിക്കല്‍ കോളജും ജനറല്‍ ആശുപത്രിയും ഇപ്പോള്‍ തന്നെ നിറഞ്ഞിട്ടുണ്ട്.
രോഗികളുടെ എണ്ണം 1000 കടന്ന തലസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും കണ്‍വെന്‍ഷന്‍ സെന്‍ററും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. നാളെയോടെ സെന്‍റര്‍ പ്രവര്‍ത്തിപ്പിക്കാനാണ് ശ്രമം.
സമൂഹ വ്യാപനത്തിന്‍റെ ആശങ്കയിലാണ് തിരുവനന്തപുരം ജില്ല. അനുദിനം രോഗബാധിതര്‍ വര്‍ദ്ധിക്കുന്നു. മെഡിക്കല്‍ കോളജും ജനറല്‍ ആശുപത്രിയും ഇപ്പോള്‍ തന്നെ നിറഞ്ഞിട്ടുണ്ട്. ദിവസേന 100ലധികം രോഗികള്‍ വരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചത്. ഗ്രീൻഫീൽഡ് സ്റ്റേഡിയവും അതിനോട് അനുബന്ധിച്ചുള്ള കോംപ്ലക്‌സും കൺവൻഷൻ സെന്‍ററും ഉൾപ്പെടെയുള്ള മേഖലയിലാണ് പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്.
രണ്ടായിരത്തോളം പേര്‍ക്കുള്ള സൌകര്യമുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ ആയിരത്തോളം പേരെയാകും പ്രവേശിപ്പിക്കുക. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചികിത്സിക്കുക. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക സൗകര്യത്തോടു കൂടിയാണ് ട്രീറ്റ്മെന്‍റ് സെന്‍റർ തയ്യാറാക്കുന്നത്. രോഗികളുടെ ശ്രവം പരിശോധിക്കാനുള്ള സൗകര്യവും ട്രീറ്റ്മെന്റ് സെന്ററിൽ ഒരുക്കും. ദിവസേന രണ്ട് തവണ ഡോക്ടർമാരെത്തി പരിശോധന നടത്തും.