India Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ബിനാമി പണമുപയോഗിച്ച് പ്രതികൾക്ക് കൊച്ചിയിലും ബിസിനസ്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ബിനാമി പണമുപയോഗിച്ച് കൊച്ചിയിലും ബിസിനസുള്ളതായി കണ്ടെത്തൽ.
വിദേശത്തേക്ക് കടന്ന പ്രതി കിരൺ കൊച്ചിയിൽ ബിനാമി പണമുപയോഗിച്ച് ബിസിനസ് നടത്തിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കൂളെക്‌സ് എന്ന പേരിൽ മെഡിക്കൽ ഉപകരണങ്ങളുടെ കമ്പനിയാണ് പ്രതികൾ നടത്തിയിരുന്നത്. ബിജു കരീമിന്റെ ബിനാമി പണമാണ് ഇതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 44 ആധാരങ്ങൾ വച്ച് പ്രതികൾ 23 കോടി രൂപ കൊച്ചിയിൽ എത്തിച്ചിരുന്നു. ഈ പണം ഉപയോഗപ്പെടുത്തിയായിരുന്നു ബിസിനസ് ആരംഭിച്ചത്.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വൻ വായ്പ തട്ടിപ്പ് നടന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകർക്ക് പണം പിൻവലിക്കാൻ എത്തുമ്പോൾ പണം ലഭ്യമായിരുന്നില്ല. ഇതേതുടർന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ ആറ് മുൻ ജീവനക്കാർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. മുൻ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുൻകൈ എടുത്താണ് പരാതി നൽകിയത്. പലർക്കും ആവശ്യത്തിൽ അധികം പണം വായ്പയായി നൽകിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നൽകിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരം. കുറച്ച് ദിവസം മുൻപ് കേസിൽ എഫ്‌ഐആർ ഇട്ടിട്ടതിനെ തുടർന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.

വായ്പാതട്ടിപ്പിന് പുറമെ വൻ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും, കുറി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സഹകരണ സംഘത്തിന് കീഴിലെ മാപ്രാണം, കരുവന്നൂർ, മൂർഖനാട് സൂപ്പർ മാർക്കറ്റുകളെ സ്റ്റോക്കെടുപ്പിലാണ് തിരിമറി നടന്നത്. 2020ലെ കണക്കുകൾ മാത്രം എടുത്തു നോക്കിയാൽ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്ന് 1കോടി 69ലക്ഷം രൂപ തട്ടിയതായാണ് ഓഡിറ്റ് റിപ്പോർട്ട്. മാസ തവണ നിക്ഷേപ പദ്ധതിയിൽ എല്ലാ ടോക്കണുകളും ഒരാൾക്ക് തന്നെ നൽകിയാണ് തട്ടിപ്പ് നടത്തിയത്. അനിൽ എന്ന പേരിലറിയപ്പെടുന്ന സുഭാഷ് ഒരു കുറിയിലെ 50 ടിക്കറ്റുകൾ ഏറ്റെടുത്തു. ഇതിൽ പകുതിയോളം വിളിച്ചെടുക്കുകയും, മറ്റുള്ളവ ഈട് വച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്. പല പേരുകളിൽ ബിനാമി ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കുറി നടത്തിപ്പിൽ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സഹകരണ ബാങ്കിലെ ഭൂരിഭാഗം മാസ തവണ നിക്ഷേപ പദ്ധതികളിലും ഇതേ രീതിയിലുള്ള ക്രമക്കേട് നടന്നതായും ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സിപിഐഎം ലോക്കൽകമ്മിറ്റി അംഗങ്ങളായ ബ്രാഞ്ച് സെക്രട്ടറി സുനിൽ കുമാർ, ബ്രാഞ്ച് മാനേജർ ബിജു കരിം, ബ്രാഞ്ച് സെക്രട്ടറിയും സീനിയർ അക്കൗണ്ടന്റുമായ ജിൽസൺ എന്നിവർക്കെതിരെയാണ് നടപടി. വസ്തു പണയത്തിന് സ്ഥലത്തിന്റെ മൂല്യത്തിൽ കവിഞ്ഞ വായ്പ നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.