Kerala

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; ഇ ഡി അന്വേഷണം തുടങ്ങി

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ഇ ഡി അന്വേഷണം ആരംഭിച്ചു. പിഎംഎൽഎ ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ കള്ളപ്പണം വെളുപ്പിച്ചെന്ന വിവരം ഇ ഡി ക്ക് ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ഫണ്ട് വിനിയോഗമടക്കമുള്ള കാര്യങ്ങൾ എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കും. അതിനായി എൻഫോഴ്‌സ്‌മെന്റ് പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

ഇതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ആറുപ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരിം, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, കിരണ്‍, മുന്‍ കമ്മിഷന്‍ ഏജന്റ് ബിജോയ്, റെജി, അനില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.