Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എറണാകുളത്തും തൃശൂരും ഇഡി റെയ്ഡ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. എറണാകുളത്തും തൃശൂരുമാണ് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്. എസി മൊയ്തീന്റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. രണ്ടു ജില്ലകളിലായി വിവിധയിടങ്ങളില്‍ റെയ്ഡ് നടക്കുകയാണ്.

നേരത്തെ കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറിന്റെ ഇടപാടുകള്‍ ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്. നാളെ എസി മൊയ്തീനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 31 ചോദ്യം ചെയ്യലിന് മൊയ്തീന്‍ ഹാജരായിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചിരുന്നു.

എ സി മൊയ്തീനൊപ്പം കിരണ്‍ പിപി, സിഎം റഹീം, പി സതീഷ് കുമാര്‍, എം കെ ഷിജു എന്നിവരുടെ വീടുകളും പരിശോധിച്ചിരുന്നു. ഈ റെയ്ഡുകളിലായി 15 കോടി മൂല്യം വരുന്ന 36 സ്വത്തുക്കളും ഇ ഡി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എ സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് പല വായ്പകളും നല്‍കിയതെന്നാണ് ഇഡി പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.