Kerala

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് ; നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ നാല് ഭരണ സമിതി അംഗങ്ങൾ അറസ്റ്റിൽ. മുൻ പ്രസിഡന്റ് കെ കെ ദിവാകരൻ,ടി എസ് ബൈജു , വി കെ ലളിതൻ, ജോസ് ചക്രംപിള്ളി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സി പി ഐ എം പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്.

ഇതിനിടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഹൈക്കോടതി ഇന്ന് ഹർജി വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.കേസ് സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസ് അന്വേഷണം കാര്യക്ഷമമായിയാണ് മുന്നോട്ട് പോകുന്നതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദമായിട്ടാണ് നടക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരുന്നു.

സിപിഎമ്മിന് നിയന്ത്രണമുള്ള ബാങ്കിനെതിരായ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് ഇവിടുത്തെ മുൻ ജീവനക്കാരൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ മുന്നിലുളളത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണമാണ് നടക്കുന്നതെന്നും പ്രതികൾ തയാറാക്കിയ നിരവധി വ്യാജ രേഖകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണമാണ് തുടരുന്നതെന്നും ബാങ്കിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജീവനക്കാരൻ സ്ഥാപിത താൽപ്പര്യങ്ങളോടെയാണ് ഹർജിയുമായി സമീപിച്ചതെന്നും സർക്കാർ മറുപടി നൽകിയിരുന്നു.