Kerala

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്ത എല്ലാവരുടെയും മൊഴി എടുക്കും

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്ത എല്ലാവരുടെയും മൊഴി എടുക്കും. ഇതിനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ആരംഭിച്ചു. പ്രതി ചേർത്ത ഭരണസമിതി അംഗങ്ങൾ ക്കെതിരെ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനും വ്യാജ ലോണുകൾ കണ്ടെത്തുന്നതിനുമാണ് നടപടി. കരുവന്നൂർ സഹകരണബാങ്കിൽ നിന്ന് ലോൺ എടുത്ത മുഴുവൻ ആളുകളുടെയും മൊഴികൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ലോണു മായി ബന്ധപ്പെട്ട് ബാങ്കിലുള്ള രേഖകളും ലോൺ എടുത്ത വ്യക്തിയുടെ കയ്യിലുള്ള രേഖകളും പരിശോധിക്കും. എല്ലാ രേഖകളും പരിശോധിക്കുന്നതോടെ ഉടമ അറിയാതെ കൂടുതൽ ലോൺ എടുത്തിട്ടുണ്ടോ എന്നത് വ്യക്തമാകും. വ്യാജ ലോണുകളുടെ വ്യാപ്തി കണ്ടെത്തുന്നതോടെ കൂടുതൽ തട്ടിപ്പുകൾ പുറത്ത് വന്നേക്കാം. ഇതോടെ പ്രതിചേർത്ത ഭരണസമിതി അംഗങ്ങൾ ക്കെതിരായ കുരുക്ക് മുറുകും.

ലോൺ അനുവദിച്ച രേഖകളിൽ ഭരണ സമിതി അംഗങ്ങൾ ഒപ്പിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്താവും 12 ഭരണസമിതി അംഗങ്ങൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. തെളിവുകൾ ശേഖരിച്ച ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പടെ ഉള്ള നടപടികളിലേക്ക് കടക്കൂ. അതേസമയം കേസിലെ അഞ്ചാം പ്രതി കിരൺ ഇതുവരെയും പിടിയിലായിട്ടില്ല.